ഈ വർഷത്തെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം സ്വന്തമാക്കി എ ആർ റഹ്മാനും ആടുജീവിതവും. ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാര നേട്ടം. വിദേശ ഭാഷകളിലുള്ള ഫീച്ചർ ഫിലിമുകളിലെ ഒർജിനൽ സ്കോർ വിഭാഗത്തിലാണ് ആടുജീവിതം പുരസ്കാരം നേടിയത്.
ലോസ് ആഞ്ചലസിൽ നടന്ന ചടങ്ങിൽ എ ആർ റഹ്മാനുവേണ്ടി സംവിധായകൻ ബ്ലെസി പുരസ്കാരം ഏറ്റുവാങ്ങി. ഓസ്കറിന് മുന്നോടിയായി വിതരണം ചെയ്യുന്ന പുരസ്കാരമായാണ് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ അവാർഡ് വിശേഷിപ്പിക്കപ്പെടുന്നത്.
ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ അവാർഡിൽ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാള ചിത്രമായി ആടുജീവിതം മാറിയിട്ടുണ്ട്. ബെന്യാമിൻ്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രം 2024 മാർച്ചിലാണ് റിലീസ് ചെയ്തത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തിൽ മികച്ച കളക്ഷനും നേടിയിരുന്നു.
പൃഥ്വിരാജിന് പുറമേ അമലാ പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.