ഓട്ടവ : പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവിന്റെ ഔദ്യോഗിക വസതി സ്റ്റോർനോവേയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയ രണ്ട് ഗ്രീൻപീസ് കാനഡ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഓട്ടവ പൊലീസ് സർവീസ്. പിയേറിന്റെ കാലാവസ്ഥാ വിരുദ്ധ അജണ്ട പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നവരെ സംരക്ഷിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജനശ്രദ്ധ ആകർഷിക്കാനാണ് ഒരു കൂട്ടം പ്രവർത്തകർ ഇന്ന് രാവിലെ സ്റ്റോർനോവേ ഡ്രൈവ്‌വേയിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഗ്രീൻപീസ് കാനഡ പറയുന്നു.
രാവിലെ 7:15 ഓടെയാണ് അക്കേഷ്യ അവന്യൂവിൽ പന്ത്രണ്ടംഗ സംഘം നിയമവിരുദ്ധമായ പ്രകടനത്തിന് ഒത്തുകൂടിയതെന്ന് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വസതിക്ക് സമീപത്തേക്ക് നീങ്ങിയ ഇവർ പ്രതിപക്ഷ നേതാവിന്റെ കുടുംബാംഗങ്ങളെ പുറത്തേക്ക് വിടാത്ത രീതിയിൽ ചങ്ങല സൃഷ്ടിച്ച് തടഞ്ഞു. പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചെങ്കിലും വിസമ്മതിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.