ഹാലിഫാക്സ്: കാനഡ പോസ്റ്റ് ജീവനക്കാരുടെ പണിമുടക്കിനിടെ തുടർന്ന് മെയിൽ അയയ്ക്കാനും സ്വീകരിക്കാനും ആഗ്രഹിക്കുന്ന ആളുകൾക്കായി ബാക്കപ്പ് പദ്ധതി ആവിഷ്കരിച്ച് നോവസ്കോഷ സർക്കാർ. ജനന സർട്ടിഫിക്കറ്റുകൾക്കും വാടക കരാറുകൾക്കുമായുള്ള അപേക്ഷകളും ഇതിൽ ഉൾപ്പെടുന്നു. വ്യക്തിഗത മെയിൽ, പാസ് പോർട്ട് അപേക്ഷകൾ, ഹോളിഡേ കാർഡുകൾ അല്ലെങ്കിൽ പവർ ബില്ലുകൾ തുടങ്ങിയവയ്ക്ക് ബാക്കപ്പ് പദ്ധതി ബാധകമല്ലെന്ന് പ്രവിശ്യ അറിയിച്ചു. പ്രവിശ്യ നിവാസികൾക്ക് ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മെയിൽ ശേഖരിക്കാൻ കഴിയും.
പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിൽ ശനിയാഴ്ച മെയിൽ പിക്കപ്പ് സൗകര്യം ഒരുക്കുകയും ജനങ്ങളെ മുൻ കൂട്ടി ബന്ധപ്പെടുകയും ചെയ്യും. ഇതിനിടെ സർക്കാർ മെയിലിനുള്ള ഡ്രോപ്പ്-ഓഫ് സേവനം ബുധനാഴ്ച ആരംഭിച്ചിട്ടുണ്ട്. സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവിശ്യയുടെ വെബ്സൈറ്റിൽ ലഭ്യമാകും. ഓൺലൈനിൽ വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയാത്തവർക്ക് 1-800-670-4357 എന്ന നമ്പറിൽ ബന്ധപ്പെടാം. കഴിഞ്ഞ വെള്ളിയാഴ്ച 55,000 കാനഡ പോസ്റ്റ് ജീവനക്കാർ പണിമുടക്കുകയും ഡെലിവറികൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു.