വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയുടെ സൗത്ത് കോസ്റ്റിൽ കൊടുങ്കാറ്റിന് സാധ്യതയുള്ളതായി എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. വ്യാഴാഴ്ച രാത്രിയോടെ വാഷിംഗ്ടൺ തീരത്ത് നിന്ന് കാറ്റ് വെള്ളിയാഴ്ച വൻകൂവർ ദ്വീപിന് വടക്കോട്ട് നീങ്ങുമെന്നും ഫെഡറൽ കാലാവസ്ഥാ ഏജൻസി അറിയിച്ചു. വൻകൂവർ ദ്വീപ്, സൺ ഷൈൻ കോസ്റ്റ്, ബോവൻ ദ്വീപ് ഉൾപ്പെടെയുള്ള ഹോവ് സൗണ്ടിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാറ്റ് മുന്നറിയിപ്പുണ്ട്. ഹോവ് സൗണ്ടിൽ വെള്ളിയാഴ്ച രാവിലെ 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത. വൈദ്യുതി മുടക്കം, കെട്ടിടങ്ങൾക്ക് കേടുപാടുകൾ എന്നിവയെക്കുറിച്ച് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകുന്നു.
വൻകൂവർ ദ്വീപിലും സൺ ഷൈൻ കോസ്റ്റിലും വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കാറ്റ് വീശിയടിച്ചേക്കും. പ്രദേശത്ത് ഈ ആഴ്ച്ച ആദ്യം വീശിയടിച്ച കൊടുങ്കാറ്റിൽ മുപ്പതിനായിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. വരാനിരിക്കുന്ന കൊടുങ്കാറ്റ് ഇനിയും നാശനഷ്ടമുണ്ടാക്കുമെന്നും പുനരുത്ഥാരണ ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ വൈദ്യുതി മുടക്കത്തിനും സാധ്യതയുണ്ട്. ബ്രിട്ടിഷ് കൊളംബിയയിൽ 28,000 ത്തോളം ഹൈഡ്രോ ഉപഭോക്താക്കൾ വൈദ്യുതിയില്ലാതെ തുടരുകയാണ്. വാരാന്ത്യത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവിശ്യ സർക്കാർ അറിയിച്ചു. കൊടുങ്കാറ്റ് വാൻകൂവർ ദ്വീപിലേക്ക് അടുക്കുന്തോറും കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത.