വിനിപെഗ് : ഇന്നലെ വൈകിട്ട് കേസന്വേഷണത്തിനിടെ കഴുത്തിൽ കുത്തേറ്റ വിനിപെഗ് പൊലീസ് സർവീസ് (ഡബ്ല്യുപിഎസ്) ഉദ്യോഗസ്ഥന്‍റെ ആരോഗ്യനില മെച്ചപ്പെതായി റിപ്പോർട്ട്. യൂണിസിറ്റി ഷോപ്പിംഗ് സെൻ്ററിലെ ബസ് ഷാക്കിന് സമീപം വൈകിട്ട് അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ പ്രതിയായ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥർ വെടിവെച്ചതായി ഡബ്ല്യുപിഎസ് വക്താവ് അറിയിച്ചു.
മോഷണവും തുടർന്ന് ആക്രമണവും നടത്തിയതായി സംശയിക്കുന്ന യുവാവുമായി പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ സംഭാഷണത്തിനിടയിലാണ് ഉദ്യോഗസ്ഥരിൽ ഒരാളുടെ കഴുത്തിൽ കുത്തേറ്റത്. ഇയാളോട് ആയുധം താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും അക്രമഭീഷണി മുഴക്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൻ്റെ വിഡിയോ ഓൺലൈനിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.