ഓട്ടവ : ലാ നിന പ്രതിഭാസം കാനഡയിൽ കടുത്ത ശൈത്യകാലത്തിന് കാരണമാകുമെന്ന് പ്രവചിച്ച് ദി വെതർ നെറ്റ്‌വർക്ക്. കഴിഞ്ഞ വർഷത്തേക്കാൾ ഈ ശീതകാലം പൊതുവെ തണുപ്പുള്ളതും കൂടുതൽ സ്വാധീനം ചെലുത്തുന്നതുമായിരിക്കുമെന്ന് ദി വെതർ നെറ്റ്‌വർക്ക് ചീഫ് മെറ്റീരിയോളജിസ്റ്റ് ക്രിസ് സ്കോട്ട് പറയുന്നു. എന്നാൽ ഇതുവരെ കാനഡയിലെ ഒരു സ്ഥലത്തും കനത്ത ശൈത്യകാലാവസ്ഥാ അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സാധാരണമെന്ന് കരുതുന്ന കാലാവസ്ഥയെ മാറ്റിമറിച്ചിട്ടുണ്ടെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്, സ്കോട്ട് പറഞ്ഞു. കഴിഞ്ഞ 30 വർഷത്തെ ശരാശരി അവസ്ഥയെ അടിസ്ഥാനമാക്കിയാണ് സാധാരണയിൽ കൂടുതലോ താഴെയോ ഉള്ള താപനിലയുടെയും മഴയുടെയും പ്രവചനങ്ങൾ, അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥാ പ്രവചനം അനുസരിച്ച് പടിഞ്ഞാറൻ കാനഡയിൽ സാധാരണയിൽ കൂടുതൽ മഞ്ഞുവീഴ്ച്ച അനുഭവപ്പെടും. എന്നാൽ ഒൻ്റാരിയോയിലും കെബെക്കിലുമുള്ളവരെ ഒഴിവാക്കില്ലെന്ന് സ്കോട്ട് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ശീതകാലം പോലെ തന്നെ അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ ശക്തമായ മഞ്ഞുവീഴ്ച്ച ആയിരിക്കും ഈ പ്രദേശങ്ങളിൽ ഉണ്ടാവുക. എന്നാൽ, കെബെക്കിലും ഒൻ്റാരിയോയിലും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൊത്തത്തിൽ സാധാരണയേക്കാൾ ചൂട് കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു. ആൽബർട്ടയിലും ബ്രിട്ടിഷ് കൊളംബിയയിലും സാധാരണയേക്കാൾ തണുപ്പുള്ള ശൈത്യകാലം പ്രതീക്ഷിക്കുന്നു. ഒപ്പം ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണ അല്ലെങ്കിൽ അതിന് മുകളിൽ മഴയും ദി വെതർ നെറ്റ്‌വർക്ക് പ്രവചിക്കുന്നു.
അതേസമയം അറ്റ്ലാൻ്റിക് കാനഡയിൽ സാധാരണയേക്കാൾ അൽപ്പം വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥാ പ്രതീക്ഷിക്കുന്നതായി ക്രിസ് സ്കോട്ട് പറയുന്നു. യൂകോൺ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് എന്നിവിടങ്ങളിൽ സാധാരണയെക്കാൾ താപനില കുറയും. അതേസമയം നൂനവൂട്ടിൽ സാധാരണയേക്കാൾ ചൂട് കൂടുതലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.