വിനിപെഗ് : പ്രധാന ജലവിതരണ പൈപ്പ് പൊട്ടി റോഡുകളിൽ വെള്ളം നിറഞ്ഞതോടെ വിനിപെഗ് നഗരത്തിൽ കനത്ത ഗതാഗത തടസ്സം നേരിട്ടതായി റിപ്പോർട്ട്. ലോഗൻ അവന്യൂവിനടുത്തുള്ള മക്ഫിലിപ്സ് സ്ട്രീറ്റിലാണ് സംഭവം. ജലവിതരണ പൈപ്പിലെ അറ്റകുറ്റപ്പണികൾക്കായി വെസ്റ്റൺ സ്ട്രീറ്റിൽ നിന്നും ലോഗൻ അവന്യൂവിലേക്കുള്ള റോഡ് അടച്ചിടുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടൽ പ്രാബല്യത്തിൽ തുടരും.
ജലവിതരണ പൈപ്പ് പൊട്ടിയതിനാൽ പ്രദേശത്ത് വിതരണം ചെയ്യുന്ന വെള്ളത്തിന് നിറവ്യത്യാസം ഉണ്ടാകുമെന്ന് അധികൃതർ പറയുന്നു. ഈ വെളളം കുടിക്കുന്നതിനോ ഭക്ഷണം തയ്യാറാക്കുന്നതിനോ തുണി അലക്കാനോ ഉപയോഗിക്കരുതെന്ന് സിറ്റി അധികൃതർ നിർദ്ദേശിച്ചു. രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞിട്ടും വെള്ളം തെളിഞ്ഞില്ലെങ്കിൽ 311 എന്ന നമ്പറിൽ ബന്ധപ്പെടണം.