ശനിയാഴ്ച രാവിലെ ലയൺസ് ബേയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് സീ ടു സ്‌കൈ ഹൈവേയിലേക്കുള്ള ഇരുവശത്തെ ഗതാഗതവും തടസ്സപ്പെട്ടതായി റിപ്പോർട്ട്. ദിവസം മുഴുവൻ റോഡ് അടച്ചിടാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. ഇതുവരെ ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആർസിഎംപി അറിയിച്ചു.
നിലവിൽ എന്തൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായി എന്നും ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്നും എമർജൻസി ടീമുകൾ പരിശോധിച്ച് വരികയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ച് ഭൂപ്രകൃതിയുടെ സ്ഥിരത ഗതാഗത ഉദ്യോഗസ്ഥർ വിലയിരുത്തും. മണ്ണിടിച്ചിലിൽ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും, രോഗികൾക്കും ജീവനക്കാർക്കുമുള്ള തടസ്സങ്ങൾ പരിഹരിക്കാൻ മെഡിക്കൽ ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ബിസി എമർജൻസി ഹെൽത്ത് സർവീസസ് വ്യക്തമാക്കി. അർദ്ധരാത്രി വരെ ഹൈവേ വീണ്ടും തുറക്കാൻ സാധ്യതയില്ലയെന്നും പൊലീസ് പറഞ്ഞു.