ടൊറൻ്റോ : വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാനായി കനേഡിയൻ പ്രീമിയർമാർ ഇന്ന് യോഗം ചേരും. നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൽ നിന്നുള്ള താരിഫ് ഭീഷണിയെ തുടർന്ന് അതിർത്തി കടന്നുള്ള വ്യാപാരം ടൊറൻ്റോയിൽ നടക്കുന്ന യോഗത്തിന്‍റെ പ്രധാന അജണ്ടയാണ്. താരിഫ് നയത്തിനൊപ്പം വ്യാപാരവും പ്രവിശ്യകളിലെ ആരോഗ്യ സംരക്ഷണവും യോഗം ചർച്ച ചെയ്യും. താരിഫുകൾ ചർച്ച ചെയ്യാനും അതിർത്തി സുരക്ഷയിൽ കൂടുതൽ ഫണ്ടിങിന് സമ്മർദ്ദം ചെലുത്താനും കൃത്യമായ പ്രതികരണം ആസൂത്രണം ചെയ്യാനും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി പ്രീമിയർമാർ വെർച്വൽ മീറ്റിങുകൾ നടത്തിയിരുന്നു. എന്നാൽ ഇതാദ്യമായാണ് 13 പ്രവിശ്യ, പ്രാദേശിക നേതാക്കൾ മാത്രമായി തന്ത്രങ്ങൾ മെനയാൻ ഒത്തുകൂടുന്നത്.
അതേസമയം, കൗൺസിൽ ഓഫ് ഫെഡറേഷൻ്റെ നിലവിലെ അധ്യക്ഷനെന്ന നിലയിൽ ഇന്ന് നടക്കുന്ന മീറ്റിങിന്‍റെ അധ്യക്ഷൻ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്, പ്രതികാര താരിഫുകൾക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ പ്രവിശ്യ പല യു എസ് സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുന്ന വൈദ്യുതി വിച്ഛേദിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ മദ്യം വാങ്ങുന്നവരിൽ ഒന്നായ ഒൻ്റാരിയോയിലെ മദ്യ നിയന്ത്രണ ബോർഡിനെ അമേരിക്കൻ നിർമ്മിത മദ്യം വാങ്ങുന്നതിൽ നിന്ന് നിയന്ത്രിക്കാൻ നോക്കുകയാണെന്നും ഫോർഡ് വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയുമായി നടന്ന പ്രീമിയർമാരുടെ യോഗം ട്രംപിൻ്റെ താരിഫ് ഭീഷണി കൈകാര്യം ചെയ്യുന്നതിനുള്ള വ്യത്യസ്‌ത സമീപനങ്ങളെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ അതിർത്തി സുരക്ഷ കർശനമാക്കേണ്ടതിൻ്റെ കാര്യത്തിൽ തങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും കാനഡ അതിൻ്റെ ജിഡിപിയുടെ 2% ദേശീയ പ്രതിരോധത്തിനായി ചെലവഴിക്കാനുള്ള പ്രതിജ്ഞാബദ്ധത പാലിക്കണമെന്നും ഫോർഡ് പറഞ്ഞു. 2032-ഓടെ ആ ലക്ഷ്യം കൈവരിക്കുമെന്ന് ട്രൂഡോ യോഗത്തിൽ വ്യക്തമാക്കി.