സാഗ്രെബ് : ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിലെ സ്‌കൂളിൽ വെള്ളിയാഴ്ചയുണ്ടായ കത്തി ആക്രമണത്തിൽ ഏഴു വയസ്സുള്ള വിദ്യാർത്ഥിനി മരിക്കുകയും ഒരു അധ്യാപിക ഉൾപ്പെടെ ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രെക്കോ എലിമെൻ്ററി സ്കൂളിൽ രാവിലെ പത്ത് മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് ക്രൊയേഷ്യൻ പൊലീസ് അറിയിച്ചു. കുത്തേറ്റ് പരുക്കേറ്റ നിരവധി കുട്ടികളെ സാഗ്രെബിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. സ്‌കൂളിൽ കടന്ന പ്രതി നേരെ ആദ്യം കണ്ട ക്ലാസ് മുറിയിൽ കയറി കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് സ്റ്റേറ്റ് എച്ച്ആർടി ടെലിവിഷൻ അറിയിച്ചു.

ക്രൊയേഷ്യയിൽ സ്കൂൾ ആക്രമണങ്ങൾ അപൂർവമാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ച് പറഞ്ഞു. കഴിഞ്ഞ മേയിൽ അയൽരാജ്യമായ സെർബിയയിൽ ഒരു കൗമാരക്കാരൻ തലസ്ഥാനമായ ബെൽഗ്രേഡിലെ സ്‌കൂളിൽ നടത്തിയ വെടിവയ്പിൽ ഒമ്പത് സഹ വിദ്യാർത്ഥികളും ഒരു സ്‌കൂൾ ഗാർഡും കൊല്ലപ്പെട്ടിരുന്നു.