തിരുവനന്തപുരം:ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നിലെന്ന് പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്. 2021-22ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം നേടുന്നവർ 41 ശതമാനമാണ്. ദേശീയ ശരാശരി 28.4 ശതമാനവും. കേരളത്തിൽ ഒമ്പതുവർഷത്തിനിടെ 18.9 ശതമാനം വർധിച്ചപ്പോൾ ദേശീയതലത്തിൽ വളർച്ച ഏഴു ശതമാനം മാത്രമാണ്. 2012–13ൽ സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം 25.8 ശതമാനമായിരുന്നു. 2021–22ൽ ഇത് 49 ശതമാനമായി. ദേശീയ ശരാശരിയിൽ ഈ കാലയളവിലുണ്ടായ വർധന 4.7 ശതമാനം മാത്രമാണ്.
ഉന്നതവിദ്യാഭ്യാസം നേടുന്ന ആൺകുട്ടികളുടെ എണ്ണം സംസ്ഥാനത്ത് 15.6 ശതമാനം വർധിച്ച് 34.10 ആയപ്പോൾ ദേശീയ ശരാശരി 5.6 ശതമാനം മാത്രം വർധിച്ച് 28.3ലാണ് എത്തിയത്. കേരളത്തിൽ പട്ടിക വർഗക്കാരിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവർ 2016–17ൽ 15.4 ശതമാനമായിരുന്നു. ഈ കാലയളവിലെ ദേശീയ ശരാശരി 18.3 ശതമാനമായിരുന്നു. കേരളം പട്ടികവർഗ വിദ്യാർഥികളുടെ ഉന്നമനത്തിനായി നടത്തിയ വിവിധ ഇടപെടലുകളിലൂടെ 2021–22ൽ ഇത് 28.9 ശതമാനമായി വർധിപ്പിച്ചു. ഈ കാലയളവിൽ ദേശീയ ശരാശരിയിൽ 2.9 ശതമാനം മാത്രമാണ് വർധന. പട്ടികജാതി വിഭാഗത്തിൽ കേരളത്തിൽ 28.3 ശതമാനം പേർ ഉന്നതവിദ്യാഭ്യാസം നേടുമ്പോൾ ദേശീയ ശരാശരി 25.9 ശതമാനം മാത്രമാണ്. പട്ടികജാതി പെൺകുട്ടികളുടെ കാര്യത്തിൽ കേരളത്തിൽ 36.8 ശതമാനവും ദേശീയ ശരാശരി വെറും 26 ശതമാനവുമാണ്. പട്ടികവർഗ പെൺകുട്ടികളിൽ കേരളത്തിൽ 33.8 ഉം ദേശീയ തലത്തിൽ 20.9 ശതമാനവുമാണ്.
കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷനിൽനിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം, നാക് അക്രഡിറ്റേഷനുകളിലും എൻഐആർഎഫ് റാങ്കിങ്ങിലും കുതിക്കുന്ന കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടി ധനസഹായം പ്രഖ്യാപിച്ചു. ‘പി എം ഉഷ പദ്ധതി’ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജിലാണ് പണം ലഭ്യമാകുക.