ടെൽ അവീവ്: ഇസ്രയേലിലെ പ്രധാന നഗരമായ ടെൽ അവീവിലേക്ക് ഹൈപ്പർ സോണിക് ബലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഹൂതികൾ.ആക്രമണത്തിൽ മുപ്പത്പേർക്ക് പരുക്കേറ്റു.പുലർച്ചെ നാലുമണിക്കായിരുന്നു മിസൈൽ ആക്രമണം.ടെൽ അവീവ് ആക്രമണത്തിൽ ഇസ്രയേലിന്റെ ബാലിസ്റ്റിക് മിസൈൽത്താവളമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികൾ പ്രസ്താവിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനാ, ഹൈദൈദ തുറമുഖം എന്നിവിടങ്ങളിൽ രണ്ട് ദിവസം മുൻപ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. ഇനിയും തിരിച്ചടി നൽകുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. മിസൈൽ ആക്രമണം തടയുന്നതിൽ ഇസ്രയേലിന്റെ എയർ ഡിഫൻസ് സിസ്റ്റം പരാജയപ്പെട്ടു എന്നാണ് വിലയിരുത്തൽ.
അതേസമയം, ഗസ്സയിലെ ഇസ്രയേൽ കൂട്ടക്കുരുതി തുടരുകയാണ്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 25 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മധ്യഗസ്സയിലെ നുസുറത്ത് ക്യാംപിലെ ആക്രമണത്തിൽ 5 കുട്ടികളടക്കം 7 പേരും ഗസ്സ സിറ്റിയിൽ വീട്ടിൽ ബോംബിട്ടതിനെത്തുടർന്ന് 7 കുട്ടികളും 2 സ്ത്രീകളുമടക്കം 12 പേരും കൊല്ലപ്പെട്ടു.