ടിറാന: അല്‍ബേനിയയില്‍ ടിക് ടോകിന് ഒരുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. കുട്ടികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായാണ് നീക്കം.പ്രധാനമന്ത്രി എഡി രാമയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടിക് ടോകില്‍ ആരംഭിച്ച വഴക്കിനെ തുടര്‍ന്ന് ഒരു കൗമാരക്കാരനെ മറ്റൊരു കൗമാരക്കാരന്‍ കുത്തിക്കൊന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം.ടിക് ടോക്
വിദ്വേഷം, അക്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
അതേസമയം കുറ്റവാളിക്കോ ഇരയ്ക്കോ ടിക് ടോക് അക്കൗണ്ടുകള്‍ ഉണ്ടെന്നതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിലേക്ക് നയിക്കുന്ന വീഡിയോകള്‍ മറ്റൊരു പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തുവെന്നുമാണ് ടിക് ടോക് അവകാശപ്പെടുന്നത്.
രാജ്യത്തെ ടിക് ടോക് ഉപയോക്താക്കളുടെ ഏറ്റവും വലിയ ഗ്രൂപ്പാണ് അല്‍ബേനിയന്‍ കുട്ടികള്‍. ടിക് ടോക് പ്രോത്സാഹിപ്പിക്കുന്ന ഭീഷണികള്‍ കാരണം കുട്ടികള്‍ കത്തികളും മറ്റ് വസ്തുക്കളും സ്‌കൂളിലേക്ക് കൊണ്ടുവരുന്നതിന്റെ വാര്‍ത്തകള്‍ മാതാപിതാക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതെ തുടര്‍ന്ന് രാജ്യത്ത് പൊലീസ് സാന്നിധ്യവും പരിശീലന പരിപാടികളും വര്‍ധിപ്പിച്ചതുള്‍പ്പെടെ സ്‌കൂളുകളില്‍ സര്‍ക്കാര്‍ സംരക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ തീരുമാനത്തോട് എല്ലാവരും യോജിക്കുന്നില്ല, ചിലര്‍ ഇതിനെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായ ആക്രമണമാണെന്നാണ് വിശേഷിപ്പിച്ചത്.