ജറുസലം: വടക്കൻ ഗാസയിലെ കമൽ അദ്വാൻ ആശുപത്രി ഒഴിയാൻ ഇസ്രയേൽ അന്ത്യശാസനം നൽകിയതായി ആശുപത്രി ഡയറക്ടർ. അതേസമയം, രോഗികളെ ഒഴിപ്പിക്കാൻ ആംബുലൻസ് ഇല്ലാത്ത സ്ഥിതിയാണെന്നും അവർ വ്യക്തമാക്കി. ഗാസ സിറ്റിയിൽ അഭയകേന്ദ്രമായ സ്കൂളിൽ ഉൾപ്പെടെ ഇസ്രയേൽ സൈന്യം നടത്തിയ ബോംബിങ്ങിൽ 32 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. മൂസ ബിൻ നുസയർ സ്കൂളിൽ ബോംബിട്ടതിനെത്തുടർന്നു കുട്ടികളടക്കം 8 പേരും കൊല്ലപ്പെട്ടു.
3 മാസത്തിലേറെയായി വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നീ പട്ടണങ്ങളും സമീപമുള്ള ജബാലിയ അഭയാർഥിക്യാംപും വളഞ്ഞുവച്ച ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്. ഹമാസുകാരെ നേരിടാനാണിതെന്നും നൂറുകണക്കിന് ഹമാസുമാരെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ വ്യക്തമാക്കി. ജബാലിയ ക്യാംപിലെ ഒരു വീടിനുള്ളിൽ കടന്ന 9 ഇസ്രയേൽ സൈനികരെ വധിച്ചതായി ഹമാസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.