ഓട്ടവ : അതിശൈത്യ കാലാവസ്ഥയെ തുടർന്ന് കാനഡയിലെ മിക്കവാറും എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, നോവസ്കോഷ, കെബെക്ക്, ഒൻ്റാരിയോ, മാനിറ്റോബ, സസ്കാച്വാൻ, ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ എന്നീ പ്രവിശ്യകളിലും നൂനവൂട്ട്, യൂകോൺ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് എന്നീ മൂന്ന് ടെറിട്ടറികളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകളിൽ മാത്രമാണ് നിലവിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ ഇല്ലാത്തത്. അതിശൈത്യം, ഹിമപാതം, മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്, കനത്ത മഴ എന്നിവയെക്കുറിച്ച് നിരവധി കമ്മ്യൂണിറ്റികളിൽ വ്യക്തിഗത മുന്നറിയിപ്പുകൾ നിലവിലുണ്ട്.
ഈസ്റ്റ് കോസ്റ്റ്
ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെ വരെ ശൈത്യകാലാവസ്ഥ തുടരും. സെൻ്റ് ജോൺസ് ഉൾപ്പെടെ 19 നഗരങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.
നോവസ്കോഷയിൽ ശക്തമായ ശീതകാല കൊടുങ്കാറ്റ് പ്രതീക്ഷിക്കുന്നു. കെയ്പ് ബ്രെറ്റണിലായിരിക്കും ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാവുക. പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കെബെക്ക്
ഗ്രാൻഡ്ബി, ബ്രോം, മോണ്ട്-ഓർഫോർഡ് പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെയോടെ 25 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒൻ്റാരിയോ
തെക്കുപടിഞ്ഞാറൻ, വടക്കൻ ഒൻ്റാരിയോ എന്നിവിടങ്ങളിൽ ശീതകാല കാലാവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാരി, ബ്രൂസ് പെനിൻസുല, ഗോഡെറിച്, ഗ്വൽഫ്, ഹാനോവർ, ഇന്നിസ്ഫിൽ, കിച്ചനർ, ലിൻഡ്സെ, ലിസ്റ്റോവൽ, ലണ്ടൻ ഒൻ്റാരിയോ, ന്യൂമാർക്കറ്റ്, ഒറിലിയ, പീറ്റർബറോ, വിംഗ്ഹാം എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ചില സ്ഥലങ്ങളിൽ ശനിയാഴ്ച വൈകുന്നേരത്തോടെ 60 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നു.