ഓട്ടവ: രാജ്യത്ത് പ്രാബല്യത്തില്‍ വന്ന GST/HST നികുതി ഇളവ് കനേഡിയൻ പൗരന്മാരുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവുന്നില്ലെന്ന് നാനോസ് റിസര്‍ച്ച് സർവേ റിപ്പോർട്ട്.സർവേയിൽ പങ്കെടുത്ത മൂന്നില്‍ രണ്ട് കാനഡക്കാരാണ് ലിബറല്‍ സർക്കാരിന്റെ GST/HST നികുതി ഇളവ് സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നത്.അവധിക്കാലത്തെ സാമ്പത്തിക ആശങ്കകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച് ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) താല്‍ക്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്.
എന്നാൽ ഇത് തങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കുന്നിലെന്നാണ് സർവേയിൽ പങ്കെടുത്ത 66 ശതമാനം പേരും അഭിപ്രായപ്പെട്ടത്. എന്നാൽ 30 ശതമാനം പേര്‍ ഈ നയത്തെ പിന്തുണച്ചു.കൂടാതെ 3 ശതമാനം പേർ നികുതി ഇളവ് രാജ്യത്തിന്റെ സാമ്പത്തികമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെട്ടു.അതേസമയം കാനഡ തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കാൻ പോകുമ്പോൾ GST/HST നികുതി ഇളവ് വോട്ടിനെ ഏത് രീതിയിൽ സ്വാധീനിക്കും എന്നാണ് രാഷ്ട്രീയപാർട്ടികൾ ഉറ്റുനോക്കുന്നത്.