ഓട്ടവ : കൊടുംതണുപ്പിന് കാരണമാകുന്ന ധ്രുവ ചുഴലിക്കാറ്റിനെ തുടർന്ന് കാനഡയിലുടനീളം അതിശൈത്യം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ടൊറൻ്റോ, ഓട്ടവ, മൺട്രിയോൾ തുടങ്ങിയ പ്രധാന നഗര നഗരങ്ങളിൽ വെള്ളിയാഴ്ചയോടെ താപനില കുറയുമെന്നും എൻവയൺമെൻ്റ് കാനഡ പ്രവചിച്ചു.
കാനഡയിലുടനീളമുള്ള കാലാവസ്ഥ ഇതാ :
പ്രയറികൾ
വടക്കുപടിഞ്ഞാറൻ ആൽബർട്ടയിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദത്തെ തുടർന്ന് പ്രവിശ്യയിലുടനീളം ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടും. കൂടാതെ പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിശൈത്യം അനുഭവപ്പെടും. ഈ വാരാന്ത്യത്തിൽ താപനില 40 ഡിഗ്രി വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ ഏജൻസി അറിയിച്ചു. വ്യാഴാഴ്ച ഉച്ച മുതൽ വെള്ളിയാഴ്ച വരെ എഡ്മിന്റനിൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞ് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച രാത്രിയോടെ മഞ്ഞുവീഴ്ച കുറയും. വടക്കൻ ആൽബർട്ടയിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ്, മണിക്കൂറിൽ 90 കി.മീ വേഗത്തിൽ വീശുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാറ്റിൻ്റെ ശക്തി കുറയും.
മാനിറ്റോബയിൽ, ബെറൻസ് റിവർ, ക്രോസ് ലേക്ക്, ഐലൻഡ് ലേക്ക് തുടങ്ങിയ കമ്മ്യൂണിറ്റികളിൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ചയോടെ ഇത് 25 സെൻ്റീമീറ്ററിൽ എത്തിയേക്കാം. വിനിപെഗ് നിവാസികളും വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ച രാത്രിയോടെ മധ്യ മാനിറ്റോബയിലും പ്രവിശ്യയുടെ വടക്കൻ പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകും.
ഇന്ന് സസ്കാച്വാനിലെ നിരവധി പ്രദേശങ്ങളിൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ കുറയും. പ്രവിശ്യയിലുടനീളം വിസിബിലിറ്റി കുറയുമെന്നും മുന്നറിയിപ്പുണ്ട്.
ഒൻ്റാരിയോ
പ്രവിശ്യയിലെ ഇയർ ഫാൾസ്, റെഡ് ലേക്ക്, പികാംഗികും തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വരെ 15 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞു വീഴും.
വടക്കൻ കാനഡ
നൂനവൂട്ടിൽ, ഹിമപാത മുന്നറിയിപ്പ് നിലവിലുണ്ട്. ഒപ്പം കനത്ത മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ വടക്കൻ കാറ്റ് മഞ്ഞുവീഴ്ചയ്ക്കൊപ്പം ചേരുമ്പോൾ വിസിബിലിറ്റി പൂജ്യമായി കുറയുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിൽ താപനില വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും മൈനസ് 50-നും മൈനസ് 55 ഡിഗ്രി സെൽഷ്യസിനും അടുത്തായി കുറയും.
യൂകോണിൽ, കാസിയാർ പർവതനിരകളിലും വാട്സൺ തടാകത്തിലും താമസിക്കുന്നവർക്ക് വ്യാഴാഴ്ച രാവിലെ മുതൽ 20 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച അനുഭവപ്പെടും.