ഓട്ടവ : പൂർണ്ണ ശക്തിയോടെ ശൈത്യകാലം വന്നെത്തിയതോടെ വാരാന്ത്യത്തിൽ കാനഡയുടെ ചില ഭാഗങ്ങളിൽ കടുത്ത തണുപ്പും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഒൻ്റാരിയോ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, പ്രേരീസിലെ മൂന്ന് പ്രവിശ്യകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പുകൾ നിലവിലുണ്ട്.
കാൽഗറിയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് താപനില 12 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ് കടുത്ത തണുപ്പ് അനുഭവപ്പെടും. വാരാന്ത്യത്തിൽ വളരെ തണുപ്പായിരിക്കുമെങ്കിലും, അടുത്ത ആഴ്ച ചൂട് കാലാവസ്ഥ പ്രതീക്ഷിക്കുന്നു. തെക്കൻ ആൽബർട്ടയിൽ, 90 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനൊപ്പം മഞ്ഞുവീഴ്ചയും കൂടിച്ചേരുമ്പോൾ വിസിബിലിറ്റി പൂജ്യമായി കുറയും. കനത്ത മഞ്ഞുവീഴ്ച യെല്ലോഹെഡിൻ്റെ വടക്കുഭാഗത്തുള്ള കമ്മ്യൂണിറ്റികളെയും ബാധിക്കും.
മാനിറ്റോബയിൽ, വിനിപെഗ്, റെഡ് റിവർ വാലി, ഇൻ്റർലേക്ക്, മാനിറ്റോബ ലേക്കിൻ്റെ പടിഞ്ഞാറ് ഭാഗങ്ങൾ എന്നിവയുൾപ്പെടെ പ്രവിശ്യയിലുടനീളം ഹിമപാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ മണിക്കൂറിൽ 70 കി.മീ വരെ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. കാറ്റും കൂടിച്ചേരുമ്പോൾ വെള്ളിയാഴ്ച ഉച്ചയോടെ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി.

മൂസ് ജാവ്, റെജൈന എന്നിവയുൾപ്പെടെ തെക്കൻ സസ്കാച്വാനിലുടനീളം കനത്ത മഞ്ഞുവീഴ്ചയാണ് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നത്. കൂടാതെ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ വടക്കൻ കാറ്റ് വീശും.
പോളാർ ജെറ്റ് സ്ട്രീം കാരണം വടക്കൻ ഒൻ്റാരിയോയിലെ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും. വെള്ളിയാഴ്ച 10 മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ വടക്കൻ കാറ്റും വീശും. കാറ്റും മഞ്ഞുവീഴ്ചയും കാരണം വിസിബിലിറ്റി കുറയുമെന്നും യാത്ര ദുഷ്കരമാകുമെന്നും എൻവയൺമെൻ്റ് കാനഡ അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ ഞായറാഴ്ച 40 മുതൽ 70 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. മഴയ്‌ക്കൊപ്പം ഉണ്ടാകുന്ന ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി തടസ്സപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

നൂനവൂട്ടിലെ ബേക്കർ ലേക്ക്, അർവിയാറ്റ് എന്നീ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാത്രി മുതൽ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. കൂടാതെ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റും കൂടിച്ചേരുമ്പോൾ വിസിബിലിറ്റി പൂജ്യമായി കുറയും. കാറ്റിനൊപ്പം തണുപ്പ് ബേക്കർ ലേക്കിൽ മൈനസ് 57 ഡിഗ്രി സെൽഷ്യസും അർവിയാറ്റിൽ മൈനസ് 46 ഡിഗ്രി സെൽഷ്യസുമായി അനുഭവപ്പെടും.