ടൊറൻ്റോ : ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ട നടത്തി ടൊറൻ്റോ പൊലീസ്. പ്രോജക്ട് കാസ്റ്റിലോ എന്ന പേരിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ എട്ടു കോടി 30 ലക്ഷം ഡോളർ വിലമതിക്കുന്ന 835 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതായി ടൊറൻ്റോ പൊലീസ് മേധാവി മൈറോൺ ഡെംകിവ് അറിയിച്ചു. കേസിൽ മെക്സിക്കൻ പൗരന്മാർ അടക്കം ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേർ ഒളിവിലാണെന്നും മൈറോൺ ഡെംകിവ് റിപ്പോർട്ട് ചെയ്തു.
മെക്സിക്കൻ പൗരന്മാരായ ജോർജ് ലൂയിസ് മുണ്ടോ ഗാർഷ്യ (31), ജിമെനെസ് അവില റോഡോൾഫോ (28), മാർക്കം നിവാസി അഡ്രിയാന അലക്‌സാന്ദ്ര ജിറോൺ സെലെഡൺ (20), മിസ്സിസാഗ സ്വദേശികളായ മർലോൺ മാത്യൂസ് (45), ഒമർ ഫെയർ (37), ടൊറൻ്റോയിൽ നിന്നുള്ള കെവിൻ ഫിഗ്യൂറെഡോ (32) എന്നിവരാണ് അറസ്റ്റിലായത്. മെക്‌സിക്കോ സ്വദേശികളായ അലക്‌സിസ് അറോയോ (31), മാർക്കോ റിവേര (31), നയാഗ്ര ഫോൾസ് സ്വദേശി റോബർട്ട് നോലിൻ (60) എന്നിവർ ഒളിവിലാണെന്നും ഇവർക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പൊലീസ് അറിയിച്ചു.
മെക്‌സിക്കോയിലെ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലാണ് സ്‌റ്റാഷ് ഹൗസുകളിൽ നിന്നും കാനഡ-യുഎസ് അതിർത്തിയിൽ നിന്നും പിടികൂടിയ വൻ കൊക്കെയ്ൻ കള്ളക്കടത്തിന് പിന്നിലെന്ന് കരുതുന്നതായി ടൊറൻ്റോ പൊലീസ് സൂപ്രണ്ട് പോൾ മക്കിൻ്റയർ പറഞ്ഞു. മെക്‌സിക്കോയിൽ നിന്നും അമേരിക്കയിലൂടെ എത്തിയ ഒരു ട്രക്കിൽ നിന്നാണ് കാനഡ അതിർത്തിയിൽ വെച്ച് കൊക്കെയ്ൻ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ വൻതോതിൽ കൊക്കെയ്ൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റും മയക്കുമരുന്ന് പിടിച്ചെടുക്കലും നടന്നത്.