ഓട്ടവ : യുഎസ് താരിഫ് ഭീഷണിക്കിടെ, ഈ വർഷത്തെ ആദ്യ പ്രഖ്യാപനത്തിൽ അടിസ്ഥാന പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ബാങ്ക് ഓഫ് കാനഡ. ഇതോടെ പലിശനിരക്ക് 3% ആയി. പണപ്പെരുപ്പം രണ്ട് ശതമാനത്തിൽ താഴെ ആയതോടെ സെൻട്രൽ ബാങ്ക് പലിശനിരക്ക് അഞ്ച് ശതമാനത്തിൽ നിന്നും ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ കാൽ ശതമാനവും ഒക്ടോബറിലും ഡിസംബറിലും അര ശതമാനവും കുറച്ചിരുന്നു. മൊത്തത്തിൽ, കഴിഞ്ഞ ജൂൺ മുതൽ ബാങ്ക് ഓഫ് കാനഡ അതിൻ്റെ പ്രധാന പലിശ നിരക്ക് തുടർച്ചയായി ആറു തവണ കുറച്ചു. എന്നാൽ ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം പലിശനിരക്ക് ബാങ്ക് വെട്ടിക്കുറയ്ക്കുന്നതിൻ്റെ വേഗം കുറയ്ക്കുമെന്ന് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
കനേഡിയൻ കയറ്റുമതിയിൽ പുതിയ യുഎസ് താരിഫ് ഉണർത്തുന്ന ഒരു വ്യാപാര സംഘട്ടനത്തിനുള്ള സാധ്യത ഒരു വലിയ അനിശ്ചിതത്വമാണ്. ഇത് കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ വളരെയധികം വിഘടിപ്പിക്കുകയും സാമ്പത്തിക വീക്ഷണത്തെ മങ്ങിക്കുകയും ചെയ്യും, ”ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്‌ലെം ബുധനാഴ്ച പറഞ്ഞു.
താരിഫുകൾ ചുമത്തിയാൽ, കാനഡയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി പരീക്ഷിക്കപ്പെടും, എന്ന് നിരക്ക് കുറയ്ക്കലിനൊപ്പം ഒരു പ്രസ്താവനയിൽ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.

ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു. ഫെഡറൽ ഗവൺമെൻ്റിൻ്റെ താൽക്കാലിക ജിഎസ്ടി ഇളവിന്‍റെ പിൻബലത്തിൽ കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ 1.8 ശതമാനമായി കുറഞ്ഞു.