ഹാലിഫാക്സ് : നോവസ്കോഷയിലെ തൊഴിലാളികൾക്കൊരു സന്തോഷവാർത്ത. ഈ വർഷം നോവസ്കോഷയിലെ മിനിമം വേതനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധന ഉണ്ടാകും. ഏപ്രിൽ ഒന്നിന് നടക്കുന്ന ആദ്യ നിരക്ക് വർധനയിൽ മിനിമം വേതനം 50 സെൻ്റ് വർധിച്ച് 15.70 ഡോളറിലെത്തും. തുടർന്ന് ഒക്ടോബർ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന രണ്ടാമത്തെ നിരക്ക് വർധനയിൽ മിനിമം വേതനം 80 സെൻ്റ് കൂടി വർധിക്കും. ഇതോടെ പ്രവിശ്യയിലെ മിനിമം വേതനം 16.50 ഡോളറായി ഉയരും. പൊതു മിനിമം വേതനം നേടുകയും ആഴ്ചയിൽ 37.5 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യുന്ന തൊഴിലാളികൾക്ക് 2,535 ഡോളർ വരെ വാർഷിക ശമ്പള വർധന ലഭിക്കുമെന്ന് പ്രവിശ്യ സർക്കാർ പറയുന്നു. നോവസ്കോഷയിൽ നിലവിലെ മിനിമം വേതനം മണിക്കൂറിന് 15.20 ഡോളറാണ്.
മുൻ വർഷത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി എല്ലാ വർഷവും ഏപ്രിൽ ഒന്നിനാണ് മിനിമം വേതനം പുതുക്കുന്നത്. ഒക്ടോബർ ഒന്നിലെ രണ്ടാമത്തെ വർധന ഉയരുന്ന ജീവിതച്ചെലവ് പരിഹരിക്കാനാണെന്ന് നോവസ്കോഷ സർക്കാർ അറിയിച്ചു.