ലൊസാഞ്ചലസ് : 67ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്കാരം നേടി പ്രശസ്ത ഗായിക ബിയോൺസിചരിത്രം കുറിച്ചു. കൗബോയ് കാർട്ടർ എന്ന ആൽബത്തിലൂടെയാണ് ബിയോൺസി ഗ്രാമി നേടിയത്. ടെയ്ലർ സ്വിഫ്റ്റാണ് ബിയോൺസിക്ക് പുരസ്കാരം നൽകിയത്. പുരസ്കാരം ഗായികയും ഗ്രാൻഡ് ഓലെ ഓപ്പറയിൽ പങ്കെടുത്ത ആദ്യ കറുത്ത വംശജയുമായ ലിൻഡ മാർട്ടെല്ലിന് സമർപ്പിക്കുന്നതായി ബിയോൺസി പറഞ്ഞു. ഗ്രാമിയിൽ ഏറ്റവുമധികം പുരസ്കാരം നേടുന്ന താരമാണ് ബിയോൺസി. ഇതുവരെ 35 അവാർഡുകളാണ് ബിയോൺസി ഗ്രാമിയിൽ നേടിയത്. 1999ന് ശേഷം പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയായും ബിയോൺസി മാറി.
മികച്ച പോപ്പ് വോക്കൽ ആൽബത്തിനുളള പുരസ്കാരം ‘ഷോർട്ട് ആൻറ് സ്വീറ്റ്’ എന്ന ആൽബത്തിലൂടെ സബ്രീന കാർപെൻറർ നേടി. കെൻഡ്രിക് ലാമാറിന്റെ നോട്ട് ലൈക്ക് അസ് സോങ്ങ് ഓഫ് ദ ഇയർ, റെക്കോർഡ് ഓഫ് ദ ഇയർ പുരസ്കാരങ്ങളും നേടി. മികച്ച റാപ് പെർഫോമൻസ്, മികച്ച റാപ് സോങ്, മികച്ച മ്യൂസിക് വിഡിയോ പുരസ്കാരങ്ങളും നോട്ട് ലൈക്ക് അസ് സ്വന്തമാക്കി. ബെസ്റ്റ് ന്യൂ ഏജ് ആൽബം പുരസ്കാരം ഇന്ത്യൻ വംശജയായ ചാന്ദ്നി ടാൻഡൺ സ്വന്തമാക്കി. ത്രിവേണി എന്ന പ്രോജക്ടിനാണ് പുരസ്കാരം നേടിയത്.
ലൊസാഞ്ചലസിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ലൊസാഞ്ചലസിനെ പിടിച്ചുലച്ച കാട്ടുതീയിൽ ദുരന്തം അനുഭവിക്കുന്നവരെ സ്മരിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.