ഓട്ടവ : താരിഫ് യുദ്ധത്തിൽ യുഎസിനെതിരെ മദ്യത്തിലൂടെ തിരിച്ചടിക്കാൻ കാനഡ. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ഏർപ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതോടെ രൂക്ഷമായ വ്യാപാര സംഘർഷത്തിലെ പ്രധാന ഘടകമായി മദ്യത്തെ ഉപയോഗിക്കുമെന്ന് കാനഡയിലെ നിരവധി പ്രവിശ്യകൾ പ്രഖ്യാപിച്ചു. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, കെബെക്ക്, മാനിറ്റോബ, നോവസ്കോഷ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവയാണ് യുഎസ് മദ്യം പ്രവിശ്യകളിൽ നിന്നും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
എൽസിബിഒയിൽ വിൽക്കുന്ന ഏകദേശം നൂറു കോടി ഡോളർ മൂല്യമുള്ള യുഎസ് വൈൻ, ബിയർ, സ്പിരിറ്റ്, സെൽറ്റ്‌സർ എന്നിവയുടെ വിൽപ്പന അവസാനിപ്പിക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു. ഇതോടെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് പ്രാബല്യത്തിൽ വരുമ്പോൾ, 35 യുഎസ് സംസ്ഥാനങ്ങളിൽ നിന്നുള്ള മൂവായിരത്തി അറുനൂറിലധികം ഉൽപ്പന്നങ്ങൾ ചൊവ്വാഴ്ച മുതൽ മദ്യവിൽപ്പനശാലയിൽ നിന്നും പുറത്താകും. കാനഡ യുഎസിലേക്ക് കാര്യമായ അളവിൽ വൈൻ കയറ്റുമതി ചെയ്യുന്നില്ല, എന്നാൽ അമേരിക്കൻ വൈനിൻ്റെ ഏറ്റവും വലിയ വിപണി കാനഡയാണെന്ന് ഒൻ്റാരിയോ ക്രാഫ്റ്റ് വൈനറീസ് പ്രസിഡൻ്റും സിഇഒയുമായ മിഷേൽ വാസിലിഷെൻ പറയുന്നു. പ്രതികാര താരിഫ് സാധനങ്ങളുടെ പട്ടികയിൽ മാൾട്ടിൽ നിന്ന് നിർമ്മിച്ച ബിയർ, വെർമൗത്ത് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന നിരവധി വൈനുകൾ, വിസ്കി, ടെക്വിലസ്, വോഡ്ക, ജിൻസ്, റംസ് എന്നിവ ഉൾപ്പെടുന്നു.
ട്രംപ് താരിഫുകൾക്ക് മറുപടിയായി നിരവധി യുഎസ് ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കാനഡ തിരിച്ചടിച്ചു. പ്രതികാര താരിഫ് ആരംഭിക്കുന്ന ചൊവ്വാഴ്ച 3,000 കോടി ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങളെ കാനഡ ലക്ഷ്യമിടുന്നു. തുടർന്ന് 21 ദിവസത്തിനുള്ളിൽ രണ്ടാം ഘട്ടത്തിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 12,500 കോടി ഡോളർ തീരുവ ചുമത്തും. ആദ്യഘത്തിൽ യു എസിൽ നിന്നുള്ള ഭക്ഷണ പാനീയങ്ങൾ, വാഹന ഭാഗങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ആക്സസറികൾ, അടിവസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ലഗേജ്, വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, മോട്ടോർ സൈക്കിളുകൾ, പുകയില, തടി, പേപ്പർ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്കാണ് കാനഡ താരിഫ് ഈടാക്കുക. രണ്ടാം ഘട്ടത്തിൽ യാത്രാ വാഹനങ്ങൾ, ട്രക്കുകളും ബസുകളും, വിനോദ വാഹനങ്ങളും ബോട്ടുകളും, സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾ, എയ്‌റോസ്‌പേസ് ഉൽപ്പന്നങ്ങൾ തുടങ്ങിയ ഉൾപ്പെടുമെന്ന് ധനവകുപ്പ് പറയുന്നു.