ടൊറൻ്റോ : വാണിജ്യ പാർക്കിങ് ലെവി ഏർപ്പെടുത്താനുള്ള ടൊറൻ്റോ സിറ്റിയുടെ പദ്ധതി നിർത്തിവെച്ചതായി റിപ്പോർട്ട്. ട്രാൻസിറ്റ് പോലെയുള്ള മുൻസിപ്പൽ സേവനങ്ങൾക്കായി പാർക്കിങ് സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്ന നികുതി പ്രതിവർഷം 100-108 കോടി ഡോളർ വരുമാനം ഉണ്ടാകുമെന്നാണ് കണക്കാണുന്നത്. ഇത് പൊതുഗതാഗതം ഉൾപ്പെടെയുള്ള നിർണായക സേവനങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
2024 ഫെബ്രുവരിയിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടനുസരിച്ച്, ടൊറൻ്റോ നഗരത്തിലെ ഒരു വലിയ ഷോപ്പിങ് മാൾ, ഈറ്റൺ സെൻ്റർ പോലെയുള്ള സ്ഥാപനങ്ങൾ പ്രതിവർഷം 863,000 ഡോളറും, അതിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ള ഒരു ഷോപ്പിങ് സെൻ്ററിന് 431,000 ഡോളറും നികുതി നൽകേണ്ടി വരും.
കഴിഞ്ഞ മാസം മേയർ ഒലിവിയ ചൗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിച്ച സ്റ്റാഫ് റിപ്പോർട്ട് പറയുന്നത്, പദ്ധതി നടപ്പിലാക്കാൻ നഗരത്തിന് മുനിസിപ്പൽ പ്രോപ്പർട്ടി അസസ്‌മെൻ്റ് കോർപ്പറേഷൻ്റെ (MPAC) സഹായം ആവശ്യമാണ്. എന്നാൽ, ബോർഡിൽ നിന്നും പ്രവിശ്യാ സർക്കാരിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ സഹായം ലഭിക്കുകയുള്ളുവെന്ന് MPAC അതികൃതർ പറയുന്നു