വാഷിങ്‌ടൺ: യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) അടച്ചുപൂട്ടാൻ ഡോണാൾഡ് ട്രംപ് സമ്മതിച്ചതിനെത്തുടർന്ന് ജീവനക്കാർക്ക് ഏജൻസിയുടെ വാഷിങ്‌ടൺ ആസ്ഥാനത്ത് നിന്ന് പുറത്തുപോകാൻ നിർദ്ദേശം. ഏജൻസി അടച്ചുപൂട്ടാൻ ട്രംപ് സമ്മതിച്ചതായി ഇലോൺ മസ്‌കായിരുന്നു പ്രഖ്യാപനം നടത്തിയത്. ഒറ്റരാത്രികൊണ്ട് ഏജൻസിയുടെ കമ്പ്യൂട്ടർ ശൃംഖലയിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
“യുഎസ്എഐഡിന്റെ പ്രവർത്തനങ്ങൾ അറ്റകുറ്റപ്പണികൾക്ക് അതീതമാണ്. ഞങ്ങൾ അത് അടച്ചുപൂട്ടുകയാണ്” എന്നായിരുന്നു സംഭവത്തിൽ മസ്‌കിന്റെ പ്രതികരണം. ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക വികസനം, ദാരിദ്ര്യ നിർമാർജനം, ആഗോള ആരോഗ്യ സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന 5,000 കോടി ഡോളറിലധികം ബജറ്റുള്ള ഒരു ഏജൻസിയാണ് യുഎസ്എഐഡി.