രാജ്യതലസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. ഡല്‍ഹി സംസ്ഥാനത്തെ 70 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് നിശബ്ദപ്രചാരണം നടക്കും. ഫെബ്രുവരി 8 ശനിയാഴ്ച്ച തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡല്‍ഹിയില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാന വോട്ടും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ അനായാസ വിജയം നേടിയ ആം ആദ്മി പാര്‍ട്ടി നാലാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.
എന്നാല്‍ ഒരു അട്ടിമറിയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്രബജറ്റും നികുതിയിളവും മധ്യവര്‍ഗ വോട്ടര്‍മാര്‍ നിര്‍ണായകമായ ഡല്‍ഹിയില്‍ ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് ബിജെപിയുടെ പതീക്ഷ. ഡല്‍ഹി മദ്യന അഴിമതിയും കെജ്രിവാളിന്റെ വസതി മോടി പിടിപ്പിക്കലും യമുന മലിനീകരണവും അടക്കം അനവധി ആരോപണങ്ങളാണ് പ്രചരണത്തിനായി ബിജെപി ഇത്തവണ ഉപയോഗിച്ചത്.
കഴിഞ്ഞ രണ്ടുതവണയും ചിത്രത്തില്‍ ഇല്ലാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും മുന്‍നിര്‍ത്തി തിരിച്ചുവരാനുള്ള നീക്കമാണ് നടത്തുന്നത്. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കരുത്തുപകരാന്‍ പ്രിയങ്ക ഗാന്ധിയാണെത്തിയത്.നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രചരണം മികച്ച രീതിയില്‍ ആയിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
അരവിന്ദ് കെജ്രിവാളിനെ മുന്നില്‍ നിര്‍ത്തി വോട്ടുറപ്പിക്കുകയാണ് ആം ആദ്മി.
എങ്കിലും രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ആം ആദ്മി പാര്‍ട്ടി ആശങ്കയിലാണ്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികള്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. നിലവിലെ ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും.