ടൊറൻ്റോ : പ്രോഗ്രസീവ് കൺസർവേറ്റീവ് ലീഡർ ഡഗ് ഫോർഡിനെതിരെ അഴിമതി ആരോപണവുമായി ഒൻ്റാരിയോ ലിബറൽ ലീഡർ ബോണി ക്രോംബി. മുൻ സർക്കാർ ജീവനക്കാരായ രണ്ട് പേർ അഴിമതി നടത്തിയതിൽ ഡഗ് ഫോർഡിനും പങ്കുണ്ടെന്നാണ് ആരോപണം. ഓക്ക്‌വില്ലിലെ റിയൽ എസ്റ്റേറ്റ് റീസോണിങ് പദ്ധതിക്ക് സൗകര്യമൊരുക്കാൻ റയാൻ അമറ്റോയും ശിവ് രാജും അവരുടെ ബന്ധങ്ങൾ ഉപയോഗിച്ചതായി ബോണി ക്രോംബി ചൂണ്ടിക്കാട്ടി.
റീസോണിങിന്റെ ഭാഗമായി മൂന്ന് പ്രോപ്പർട്ടികൾ വികസിപ്പിക്കാൻ സഹായമാവശ്യപ്പെട്ട് അമറ്റോ, രാജ്, ഫ്രോണ്ടിയർ ഗ്രൂപ്പ് എന്നിവർ വസ്തു ഉടമകളെ സമീപിച്ചിരുന്നു. അവർ തങ്ങളുടെ ബന്ധങ്ങൾ ഉപയോഗിച്ച് സഹായിക്കാമെന്ന് ഉറപ്പു നൽകിയതായി അമാൻപ്രീത് ജഖർ എന്ന വസ്തു ഉടമയും രണ്ട് സ്വകാര്യ കമ്പനികളും വ്യക്തമാക്കി. തങ്ങളുടെ സേവനങ്ങൾക്കായി ഫ്രോണ്ടിയറിനു 55,000 ഡോളറിലധികം നൽകിയതായും ആ പണത്തിൽ ഒരു ഭാഗം മറ്റു രണ്ടു പേർക്കും ലഭിച്ചതായും വസ്തു ഉടമ ജാഖർ ആരോപിക്കുന്നു.
ഈ അഴിമതിയും ഫോർഡിന്റെ ഗ്രീൻബെൽറ്റ് വികസന പദ്ധതിയും തമ്മിൽ സമാനതകളുണ്ടെന്ന് ക്രോംബി ആരോപിച്ചു. ഫെബ്രുവരി 27-ന് പ്രവിശ്യാ തിരഞ്ഞെടുപ്പ് നടത്താനുള്ള ഫോർഡിന്റെ തീരുമാനം ഗ്രീൻബെൽറ്റ് പരാജയത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ആർസിഎംപി അന്വേഷണം ഒഴിവാക്കാനുള്ള ശ്രമമാണെന്നും അവർ പറഞ്ഞു.
അതേസമയം, ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ഡഗ് ഫോർഡ് പ്രതികരിച്ചു. വിഷയത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അമാറ്റോയും രാജും ഫ്രോണ്ടിയർ ഗ്രൂപ്പും.