ഓട്ടവ : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാനഡയിലെ എല്ലാ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെയും ശരാശരി വാടക നിരക്ക് ജനുവരിയിൽ 4.4% കുറഞ്ഞതായി റിപ്പോർട്ട്. കാനഡയിൽ തുടർച്ചയായി നാലാം മാസമാണ് വാർഷിക വാടക നിരക്ക് കുറയുന്നത്. കാനഡയിലെ ഏറ്റവും ഉയർന്ന ശരാശരി വാടക വൻകൂവറിലാണ്, പ്രതിമാസം 2,896 ഡോളർ. കാനഡയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വാടക ടൊറൻ്റോയിലാണ്. പ്രതിമാസം 2,615 ഡോളർ ആണ് ടൊറൻ്റോയിലെ വാടകനിരക്ക് എന്നും Rentals.ca, Urbanation എന്നിവയിൽ നിന്നുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നു.
![](http://mcnews.ca/wp-content/uploads/2023/10/PRASANTH-VIJAYA-1024x536.jpeg)
അതേസമയം രാജ്യതലസ്ഥാനത്ത് ജനുവരിയിൽ പ്രതിമാസ വാടക 49 ഡോളർ വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഓട്ടവയിലെ ഒരു അപ്പാർട്ട്മെൻ്റിൻ്റെ ശരാശരി വാടക ജനുവരിയിൽ 2,214 ഡോളർ ആയതായി Rentals.ca, Urbanation എന്നിവയിൽ നിന്നുള്ള ഫെബ്രുവരിയിലെ വാടക റിപ്പോർട്ട് കാണിക്കുന്നു. നവംബറിൽ 1,171 ഡോളറും ഡിസംബറിൽ 2,165 ഡോളറുമായിരുന്നു ഓട്ടവയിലെ വാടക. അതേസമയം 2024 ജനുവരിയിൽ, ഓട്ടവയിൽ ഒരു അപ്പാർട്ട്മെൻ്റ് വാടകയ്‌ക്കെടുക്കുന്നതിനുള്ള ശരാശരി ചെലവ് പ്രതിമാസം 2,228 ഡോളർ ആയിരുന്നു. രാജ്യതലസ്ഥാനത്ത് സിംഗിൾ ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റിനുള്ള വാടക ജനുവരിയിൽ 2,030 ഡോളറായി വർധിച്ചു. രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റിന് 2,553 ഡോളറും മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റിന് 2,618 ഡോളറുമാണ് ജനുവരിയിൽ വാടക ഈടാക്കിയത്.