ഓട്ടവ : യുഎസ്-കാനഡ താരിഫ് യുദ്ധത്തിന് താൽകാലിക ആശ്വാസം ആയെങ്കിലും കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരയുദ്ധം വഷളായതോടെ അമേരിക്കൻ ഉല്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള കനേഡിയൻ പൗരന്മാരുടെ നീക്കത്തിന് പിന്നാലെയാണ് യുഎസ് യാത്രകളും ഒഴിവാക്കാനുള്ള തീരുമാനം.

നിലവിൽ യുഎസിലേക്ക് യാത്ര ചെയ്യുന്നവരോ, യുഎസിലേക്കുള്ള യാത്രകൾക്കായി നിക്ഷേപം സൂക്ഷിച്ചിരിക്കുന്നവരോ,പദ്ധതികൾ മാറ്റാൻ ആഗ്രഹിക്കുന്നതായി ഫ്ലൈറ്റ് സെന്റർ ലൊക്കേഷൻ മാനേജർ ആൻഡ്രൂ സ്റ്റാഫോർഡ് പറയുന്നു. ശൈത്യകാലത്ത് ഫ്ലോറിഡ, കാലിഫോർണിയ പോലുള്ള അമേരിക്കൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സാധാരണയായി പറക്കുന്ന കാനഡക്കാർ ഇപ്പോൾ മറ്റു സ്ഥലങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതായി സ്റ്റാഫോർഡ് പറഞ്ഞു. മറ്റൊരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഹവായിയെ കാനഡക്കാർ പരിഗണിച്ചുതുടങ്ങി. ഫിജി, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള മികച്ച അവസരമാണിതെന്നും സ്റ്റാഫോർഡ് കൂട്ടിച്ചേർത്തു.
യുഎസ്-കാനഡ വിനിമയ നിരക്ക് ദിനംപ്രതി ചാഞ്ചാടുന്നുണ്ടെങ്കിലും, മറ്റ് കറൻസികൾക്കുള്ള ആവശ്യകതയും വർധിച്ചു വരുന്നുണ്ടെന്ന് വൻകൂവർ ബുള്ളിയൻ & കറൻസി എക്സ്ചേഞ്ചിലെ വ്യാപാരി പറഞ്ഞിരുന്നു. കനേഡിയൻ ഡോളറിന്റെ ദുർബലത ആളുകളെ അവരുടെ യാത്രാ പദ്ധതികൾ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.