ഡൽഹി: മോദി ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി തിരഞ്ഞെടുപ്പിലേത് ഐതിഹാസിക വിജയമാണെന്നും ഡൽഹി ഇപ്പോൾ ദുരന്ത മുക്തമായെന്നും ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ നരേന്ദ്രമോദി പറഞ്ഞു.
ഡൽഹി മിനി ഹിന്ദുസ്ഥാനാണ്. ഇവിടുത്തെ ജനങ്ങൾ ഇപ്പോൾ ബിജെപിക്ക് അവസരം നൽകിയിരിക്കുന്നു. ‘സബ്കാ സാത് സബ്കാ വികാസ്’ എന്നത് ഡൽഹിക്ക് മോദിയുടെ ഗ്യാരണ്ടിയാണ്. ഡൽഹി ബിജെപിയുടെ സദ്ഭരണം കാണുന്നുവെന്നും ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോഡ് വിജയം നേടിയതിന് പിന്നാലെ ഡൽഹിയിലും ബിജെപി പുതു ചരിത്രം രചിച്ചതായും അദ്ദേഹം പറഞ്ഞു.

ബിജെപിയെ സ്നേഹിച്ച ഡൽഹിക്ക് ഈ സ്നേഹത്തിന്റെ പതിന്മടങ്ങ് തിരിച്ചു തരും. ദ്രുതഗതിയിൽ വികസനം നടപ്പാക്കും. ഇത് സാധാരണ വിജയമല്ല. എഎപിയെ പുറത്താക്കി നേടിയ വിജയമാണ്. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിശദമാക്കി. അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഡൽഹിയിൽ പൂജ്യം സീറ്റ് നേടുന്നതിൽ കോൺഗ്രസ് ഡബിൾ ഹാട്രിക്ക് നേടിയെന്നും 6 തവണ പൂജ്യം സീറ്റ് നേടി പരാജയപ്പെട്ട് ഗോൾഡ് മെഡൽ നേടിയെന്നും മോദി കോൺഗ്രസ്സിനെ പരിഹസിച്ചു. ഡൽഹിയിലെ ജനത്തിന് കോൺഗ്രസിൽ വിശ്വാസമില്ല. ഇന്ത്യ സഖ്യത്തിനും ഇക്കാര്യം മനസിലായതായും അദ്ദേഹം പറഞ്ഞു.