വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഇരിപ്പിടത്തില്‍ ഇലോണ്‍ മസ്‌ക് ഇരിക്കുന്ന ടൈം മാഗസിന്റെ കവര്‍ചിത്രത്തെ കുറിച്ച് പ്രതികരിച്ച് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍മസ്‌കിനെ യുഎസ് പ്രസിഡന്റാക്കി രൂപകല്‍പന ചെയ്ത കവര്‍ പേജിനേക്കുറിച്ച് ചോദിച്ചപ്പോള്‍ ടൈം മാഗസിന്‍ ഇപ്പോഴും പ്രചാരത്തിലുണ്ടോ എന്നും താനത് അറിഞ്ഞില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

പ്രസിഡന്റിന്റെ ഇരിപ്പിടത്തില്‍ കൈയില്‍ കാപ്പിക്കപ്പുമായി ഇരിക്കുന്ന ചിത്രമാണ് ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചത്. മസ്‌കിന്റെ ഇരുവശത്തുമായി അമേരിക്കന്‍ പതാകയും പ്രസിഡന്‍ഷ്യല്‍ ഫ്ളാഗും കാണാം. കവര്‍ പേജ് മാഗസിന്റെ ഔദ്യോഗിക എക്സ് പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്.
ട്രംപ് ഭരണകൂടം രൂപംനല്‍കിയ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത്‌ടെക്ക് വ്യവസായിയായ ഇലോണ്‍ മസ്‌ക് ആണ്. ഡോജ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ട്രംപ് ഭരണകൂടത്തിന്റെ അനാവശ്യ ചെലവുകള്‍ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഈ വകുപ്പിന്റെ ലക്ഷ്യം.