മെക്‌സിക്കോ സിറ്റി :കരീബിയന്‍ കടലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ്് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കെയ്മാന്‍ ദ്വീപുകളുടെ സൗത്ത് വെസ്റ്റ് ഭാഗത്താണ് ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് ചില ദ്വീപുകളും രാജ്യങ്ങളും തീരപ്രദേശത്തുനിന്നും ആളുകളോട് മാറിതാമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ശനിയാഴ്ച്ച വൈകിട്ട് 6.23 നാണ് ഭൂചലനം അനുഭവപ്പെട്ടത്.കേമാന്‍ ദ്വീപുകളിലെ ജോര്‍ജ്ജ് ടൗണിന് സൗത്ത് വെസ്റ്റ് ഭാഗത്ത് 130 മൈല്‍ അകലെയാണ് പ്രഭവകേന്ദ്രം. അതേസമയം യു.എസ്. മെയിന്‍ലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് യു.എസ് നാഷണല്‍ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു, എന്നാല്‍ പ്യൂര്‍ട്ടോ റിക്കോയ്ക്കും യു.എസ് വിര്‍ജിന്‍ ദ്വീപുകള്‍ക്കും സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് റദ്ദാക്കി.
പ്യൂര്‍ട്ടോ റിക്കോയുടെ നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ അപകട സൂചന നല്‍കിയതിനെ തുടര്‍ന്ന് ആളുകള്‍ തീരപ്രദേശങ്ങള്‍ വിട്ടുപോകുന്നത് കനത്ത ഗതാഗതക്കുരുക്കിനും ഇടയാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.
ഡൊമിനിക്കന്‍ ഗവണ്‍മെന്റ് സുനാമി മുന്നറിയിപ്പ് നല്‍കുകയും തീരദേശവാസികളോട് സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു എന്നാല്‍ സുനാമി മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചു.