ഡല്‍ഹി മുഖ്യമന്ത്രി ആരെന്നുളള പ്രഖ്യാപനവും സ്ഥാനമേറ്റെടുക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി യുഎസില്‍ നിന്നും തിരിച്ചെത്തിയ ശേഷമാകുമെന്നാണ് സൂചന. മോദി ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഇന്ന് യാത്ര ആരംഭിക്കും. ബുധനാഴ്ച ഫ്രാന്‍സില്‍ നിന്ന് അമേരിക്കയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് മടങ്ങുക. അതെസമയം പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുളള ചര്‍ച്ചകള്‍ സജീവമാണ്.
ഇന്നലെ രാത്രി വൈകിയും മുഖ്യമന്ത്രിയാരെന്ന് കണ്ടെത്താനുളള ചര്‍ച്ചകള്‍ നടന്നിരുന്നു. പാര്‍ട്ടി അഖിലേന്ത്യാ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാന്‍ഡ, സെക്രട്ടറി അല്‍ക ഗുര്‍ജര്‍, ഡല്‍ഹി ബിജെപി പ്രസിഡന്റ് വിരേന്ദ്ര സച്‌ദേവ തുടങ്ങിയ നേതാക്കള്‍ വിവിധ ഘട്ടങ്ങളിലായി 48 നിയുക്ത എംഎല്‍എമാരുമായാണ് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയെപ്പറ്റിയുളള അഭിപ്രായ രൂപീകരണമാണ് പ്രധാനമായും നടന്നതെന്നാണു വിവരം.

കേജ്രിവാളിനെ തോല്‍പിച്ച പര്‍വേശ് വര്‍മ, മന്‍ജിന്ദര്‍ സിങ് സിര്‍സ, കപില്‍ മിശ്ര, രേഖ ഗുപ്ത എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയിലുളളത്. വിരേന്ദ്ര സച്‌ദേവയ്ക്കും സാധ്യത കല്‍പിക്കുന്നുണ്ട്.