മെക്‌സിക്കന്‍ ഉള്‍ക്കടലിനെ ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്ന് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്യുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഫെബ്രുവരി 9 ‘ഗള്‍ഫ് ഓഫ് അമേരിക്ക ഡേ’ ആയി ആഘോഷിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
അമേരിക്കയുടെ തന്ത്രപ്രധാനവും നിര്‍ണായകവുമായ ഭാഗമാണ് ഇതെന്നും ‘ഗള്‍ഫ് ഓഫ് അമേരിക്ക’യെന്ന പേര് പുറത്തുവിട്ട് ട്രംപ് പറഞ്ഞു. അമേരിക്കയുടെ അഭിമാനവും ചരിത്ര നേട്ടങ്ങളും വീണ്ടെടുക്കുമെന്നും ഈ പേരുമാറ്റം ചരിത്ര നിമിഷമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 30 ദിവസത്തിനകം പേരുമാറ്റം പൂര്‍ണമാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

യുഎസിന്റെ വടക്കു കിഴക്കന്‍ തീരം, വടക്കന്‍, വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളായ ടെക്‌സസ്, ലൂസിയാന, മിസ്സിസിപ്പി, അലബാമ, ഫ്‌ലോറിഡ എന്നിവിടങ്ങള്‍ മുതല്‍ മെക്‌സിക്കോയും ക്യൂബയുമായി നീണ്ടു കിടക്കുന്ന കടല്‍ അതിര്‍ത്തി വരുന്ന പ്രദേശമാണ് ഗള്‍ഫ് ഓഫ് അമേരിക്കയെന്ന് വൈറ്റ് ഹൗസ് വിശദീകരിക്കുന്നു.
അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത പത്രസമ്മേളനത്തിലാണ് ട്രംപ് മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് മാറ്റാന്‍ ആദ്യം നിര്‍ദേശിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് കോസ്റ്റ് ഗാര്‍ഡും ഗൂഗിള്‍ മാപ്പും, ‘ഗള്‍ഫ് ഓഫ് അമേരിക്ക’യെന്ന പേര് ഉപയോഗിച്ച് തുടങ്ങി.