ഏഥൻസ്: യാത്രാമദ്ധ്യേ പൈലറ്റ് കുഴഞ്ഞുവീണതിനെ തുടർന്ന് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്ത് കോ-പൈലറ്റ്. മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനമാണ് ഗ്രീസിലെ ഏഥൻസില്‍ അടിയന്തരമായി ലാൻഡ് ചെയ്തത്. കോ- പൈലറ്റിന്റേയും കാബിന്‍ ക്രൂവിന്‍റെയും സമയോചിതമായ ഇടപെടല്‍ കാരണം വലിയ ദുരന്തം ഒഴിവായി. ഹര്‍ഘാദയില്‍നിന്ന് പുറപ്പെട്ട EZY2252 എന്ന വിമാനത്തിലാണ് ഞായറാഴ്ച
അപ്രതീക്ഷിത സംഭവം നടന്നത്.
പൈലറ്റ് വീണതോടെ കോ- പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പൈലറ്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. ഇതോടെ എമർജൻസി ലാന്റിങ് അനിവാര്യമാണെന്ന് പ്രഖ്യാപിക്കുകയും കാബിന്‍ ക്രൂ അംഗങ്ങള്‍ ഉടന്‍തന്നെ വൈദ്യസഹായത്തിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. ഏതാണ്ട് രണ്ട് മണിക്കൂറോളം വിമാനം പറന്നുകഴിഞ്ഞാണ് എന്തോ പ്രശ്നമുണ്ടെന്ന് തങ്ങൾക്ക് മനസിലായതെന്ന് യാത്രക്കാർ പ്രതികരിച്ചു.

സംഭത്തെത്തുടർന്ന് യാത്ര വൈകിയവരെ തിങ്കളാഴ്ച മാഞ്ചസ്റ്ററിൽ എത്തിക്കും. ഇവര്‍ക്കായി താമസവും ഭക്ഷണവുമെല്ലാം ഒരുക്കിനല്‍കിയിട്ടുണ്ടെന്നും ഈസിജെറ്റിന്റെ വക്താവ് അറിയിച്ചു. നിര്‍ണായകഘട്ടത്തില്‍ ക്ഷമയോടെ സഹകരിച്ച വിമാനത്തിലെ യാത്രക്കാര്‍ക്ക് കമ്പനി നന്ദിയറിയിച്ചു. പൈലറ്റിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.