ടൊറന്റോ : നഗരത്തിലെ ഡിസ്പെന്‍സറിയില്‍ നടന്ന മോഷണത്തില്‍ രണ്ടാം പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ജനുവരി 24 ന് വൈകുന്നേരമാണ് ഡഫറിന്‍ സ്ട്രീറ്റിലെ എഗ്ലിന്റണ്‍ അവന്യൂ വെസ്റ്റിലുള്ള ഡിസ്പെന്‍സറിയില്‍ മോഷണം നടന്നത്. ആയുധങ്ങളുമായെത്തിയ രണ്ട് പേരില്‍ ഒരാള്‍ ഡിസ്പെന്‍സറിയുടെ വാതില്‍ മുട്ടുകയും തുറക്കുന്നതിനിടെ ഡിസ്പെന്‍സറി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളിലൊരാളായ ജോസെലിന്‍ ഡെസ്ബിയന്‍സ് (29) നെ ഫെബ്രുവരി 20-ന് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും പണവും മയക്കുമരുന്നും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ആറ് കവര്‍ച്ചകേസുകളും തോക്ക് കൈവശം വച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. ജോസെലില്‍ നിന്നും എകെ-47 തോക്കും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഒളിവില്‍ കഴിയുന്ന രണ്ടാമത്തെ പ്രതിയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാളെ അവസാനമായി കാണുമ്പോള്‍ വെളുത്ത പാന്റ്‌സും വെളുത്ത ഹുഡ് സ്വെറ്ററും കറുത്ത റണ്ണിംഗ് ഷൂസും ധരിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. ആയുധധാരിയും അപകടകാരിയുമാണ് രണ്ടാമത്തെ പ്രതിയെന്നും ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.