ഓട്ടവ : കാനഡയുടെ കണ്‍സ്യൂമര്‍ കാര്‍ബണ്‍ പ്രൈസിങ് സംവിധാനം നിര്‍ത്തലാക്കുമെന്ന് ലിബറല്‍ നേതൃത്വ മത്സരാര്‍ത്ഥി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്. വിശാലമായ കൂടിയാലോചനകളുടെയും പുതിയ ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനം നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു.

കാലാവസ്ഥാ നടപടികളെക്കുറിച്ചുള്ള ഒരു നയ പ്രസ്താവനയില്‍, ഏറ്റവും വലിയ എമിറ്ററുകളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിലൂടെയും, ജനങ്ങളുടെ ഊര്‍ജ്ജ ബില്ലുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെയും, വിശ്വസനീയമായ വൈദ്യുതി ഗ്രിഡുകള്‍ നിര്‍മ്മിക്കുന്നതിലൂടെയും കാനഡയുടെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നും ഫ്രീലാന്‍ഡ് കൂട്ടിച്ചേര്‍ത്തു. കണ്‍സ്യൂമര്‍ കാര്‍ബണ്‍ പ്രൈസിങ് സംവിധാനത്തിന് പ്രായോഗികമായ ബദലുകള്‍ കണ്ടെത്തുന്നതിന് പ്രവിശ്യകളും പ്രദേശങ്ങളും, തൊഴിലാളി നേതാക്കള്‍, വിദഗ്ധര്‍, വ്യവസായം, തദ്ദേശീയ ജനത, തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം കണ്‍സ്യൂമര്‍ കാര്‍ബണ്‍ പ്രൈസിങ് സംവിധാനത്തില്‍ മാറ്റം വരുത്തുമെന്ന് ലിബറല്‍ നേതൃത്വ മത്സരത്തിലെ എതിരാളിയായ മാര്‍ക്ക് കാര്‍ണിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മാര്‍ച്ച് 9 ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ലിബറലുകള്‍ പുതിയ നേതാവിനെ തിരഞ്ഞെടുക്കും.