ടൊറന്റോ : നഗരത്തിലുടനീളം നടന്ന മയക്കുമരുന്ന് കള്ളക്കടത്ത്, ഭവനഭേദന കേസുകളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ടൊറന്റോ പൊലീസ്. കേസില്‍ മറ്റു നാല് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 2024 ഡിസംബര്‍ 1 ന്, ഡണ്ടാസ് സ്ട്രീറ്റ് വെസ്റ്റിലെ ഇസ്ലിംഗ്ടണ്‍ അവന്യൂവിലെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രതികള്‍ സ്ലെഡ്ജ്ഹാമര്‍ ഉപയോഗിച്ച് അതിക്രമിച്ച് കടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇവിടെ നിന്നും വസ്തുവകകളൊന്നും മോഷ്ടിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

രണ്ട് ദിവസത്തിന് ശേഷം, അതേ പ്രദേശത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് പ്രതികള്‍ ക്രോബാര്‍ ഉപയോഗിച്ച് അതിക്രമിച്ചു കയറി. സംഭവസ്ഥലത്ത് നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു, മറ്റ് രണ്ട് പേര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിറ്റ്ബി സ്വദേശി ആല്‍ഡന്‍ ഒ നീല്‍ ന്യൂസ് (45) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഭവനഭേദനം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് ഉല്‍പ്പാദന ഉപകരണങ്ങളും 140,000 ഡോളര്‍ വിലമതിക്കുന്ന ഏകദേശം 5.5 കിലോ മെത്താംഫെറ്റാമൈനും ഹെറോയിനും പിടിച്ചെടുത്തു.
തുടര്‍അന്വേഷണത്തിന്റെ ഭാഗമായി 2024 ഡിസംബര്‍ 4 നും 2025 ഫെബ്രുവരി 4 നും ഇടയില്‍ ഗ്രേറ്റര്‍ ടൊറന്റോ, മണ്‍ട്രിയോള്‍ എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ മയക്കുമരുന്നും മയക്കുമരുന്ന് ഉല്‍പ്പാദന ഉപകരണങ്ങളും ബ്രേക്ക്-ഇന്‍ ടൂളുകളും 20,000 ഡോളറും കണ്ടെത്തി. തുടര്‍ന്ന് ബ്രാംപ്ടണ്‍ സ്വദേശി ഇന്ദര്‍ദീപ് സിംഗ് സഹോത (36), ക്ലെയിന്‍ബര്‍ഗിലെ ശിവാന്‍ഷ് ശര്‍മ്മ (34) എന്നിവരെ അറസ്റ്റ് ചെയ്തു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.