വാഷിംഗ്ടൺ: യുഎസ് സായുധ സേനതലപ്പത്ത് വൻ അഴിച്ചുപണി നടത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായിരുന്ന സി.ക്യു. ബ്രൗണിനെ പുറത്താക്കി. വെള്ളിയാഴ്ച്ചയാണ് അദ്ദേഹത്തെ ട്രംപ് പുറത്തക്കിയത്. സി.ക്യു. ബ്രൗണിനെ കൂടാതെ, അഡ്മിറൽമാരും ജനറൽമാരും അടക്കം മറ്റ് അഞ്ചുപേരെക്കൂടി അവരുടെ സ്ഥാനത്ത് നിന്നും മാറ്റി.

മുൻ ലെഫ്. ജനറൽ ഡാൻ റേസിൻ കെയ്നിനെയാണ് ബ്രൗണിന് പകരം നിയമിക്കാൻ ട്രംപ് ഉദ്ദേശിക്കുന്നത്. വിരമിച്ച ഒരു ഉദ്യോഗസ്ഥനെ രാജ്യത്തെ സൈന്യത്തിന്റെ ഉന്നതപദവിയിൽ നിയമിക്കുന്നത് യുഎസിന്റെ ചരിത്രത്തിലാദ്യമായാണ്. കൂടാതെ, പ്രസിഡന്റ് നാവികസേനാ മേധാവി അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും വ്യോമസേനാ വൈസ് ചീഫ് ഓഫ് സ്റ്റാഫിനെയും നീക്കുമെന്ന് പെന്റഗൺ അറിയിച്ചു.
ഒപ്പം, കര, നാവിക, വ്യോമസേനകളിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽമാരെയും മാറ്റും. സൈന്യത്തിലെ നീതിന്യായനിർവഹണത്തിന്റെ ചുമതലയുള്ളവരാണിവർ.

ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫാകുന്ന രണ്ടാം ആഫ്രോ-അമേരിക്കൻ വംശജനാണ് സി.ക്യു. ബ്രൗൺ. 2027 സെപ്റ്റംബർവരെയാണ് അദ്ദേഹത്തിന്റെ കാലാവധി. എന്നാൽ, പിൻഗാമിയുടെ നിയമനം സെനറ്റ് അംഗീകരിക്കും മുൻപ് തന്നെ സ്ഥാനമൊഴിയാനാണ് ട്രംപ് ബ്രൗണിനോട് നിർദേശിച്ചിരിക്കുന്നത്. ബ്രൗൺ ഉൾപ്പെടെയുള്ളവരെ പുറത്താക്കുന്നതിന് കാരണം ഇതുവരെ വ്യക്തമല്ല.