പാരിസ്: ഫ്രാന്‍സില്‍ ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറഞ്ഞ് അക്രമി
ഒരാളെ കുത്തികൊല്ലപ്പെടുത്തി. രണ്ട് പൊലീസുക്കാര്‍ക്ക് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കിഴക്കന്‍ ഫ്രാന്‍സില്‍ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. മുപ്പത്തിയേഴുകാരനായ ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫ്രാന്‍സിലെ മുള്‍ഹൗസിലാണ് ആക്രമണം നടന്നത്. ആദ്യം മുനിസിപ്പല്‍ പൊലീസ് ഓഫീസര്‍മാരെയാണ് പ്രതി ആക്രമിച്ചത്. അല്ലാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. ഓരോരുത്തരെയും കുത്തിപ്പരിക്കേല്‍പ്പിക്കുമ്പോള്‍ അക്രമി അല്ലാഹു അക്ബര്‍ എന്ന് ആവര്‍ത്തിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി.

രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി അന്വേഷണ ഏജന്‍സി തയ്യാറാക്കിയിരിക്കുന്ന നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നയാളാണ് അക്രമി. ഫ്രാന്‍സിലെ ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടേഴ്‌സ് യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല.
ഇസ്ലാമിസ്റ്റ് ഭീകരാക്രമണമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചു. തങ്ങളുടെ മണ്ണില്‍ നിന്ന് ഭീകരവാദം തുടച്ചുനീക്കാന്‍ എന്തുനടപടിയും കൈക്കൊള്ളുമെന്നും ഫ്രഞ്ച് ഭരണകൂടം അതിന് പ്രതിജ്ഞാബദ്ധരാണെന്നും മാക്രോണ്‍ വ്യക്തമാക്കി. ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബത്തിനും രാജ്യം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. മതഭ്രാന്ത് വീണ്ടും അലയടിക്കുകയാണെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സിയോസ് ബൈറൂ പ്രതികരിച്ചു.