വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണമായതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ ആരൊക്കെയാണ് യോഗ്യരെന്ന ചര്‍ച്ച തുടങ്ങി. കഴിഞ്ഞ ദിവസത്തേക്കാള്‍ മാര്‍പാപ്പയുടെ സ്ഥിതി ഗുരുതരമാണെന്നാണ് മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നത്. ശ്വാസകോശ അണുബാധ മൂലം ഒന്‍പത് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍പാപ്പ.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ആശങ്കയായി തുടരുമ്പോള്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ യോഗ്യത ഇനി ആര്‍ക്ക് എന്നാണ് ചര്‍ച്ചകള്‍ ഉയരുന്നത്. ഏതു റോമന്‍ കത്തോലിക്കനും സാങ്കേതികമായി മാര്‍പാപ്പയാകാന്‍ യോഗ്യനാണ്. എന്നാല്‍ 253 കര്‍ദിനാള്‍മാരുടെ ഇടിയില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് തിരഞ്ഞെടുപ്പ് ചടങ്ങുകള്‍. ഇതില്‍ 138 കര്‍ദിനാള്‍മാര്‍ക്ക് മാത്രെ വോട്ടവകാശവുമുളളു.

വത്തിക്കാനില്‍ നടക്കുന്ന ചടങ്ങുകള്‍ ലോകത്തിന് പരിമിതമാണെങ്കിലും അടുത്ത മാര്‍പാപ്പയാരാകുമെന്ന ചോദ്യത്തിന് ഉയരുന്ന പ്രധാന പേരുകള്‍ ഇവയാണ്:
കര്‍ദിനാള്‍ പിയട്രോ പരോളിന്‍, 70, ഇറ്റലി: വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ്. ഫ്രാന്‍സിസ് പാപ്പാ വന്ന ശേഷം 11 വര്‍ഷമായി അദ്ദേഹം വത്തിക്കാനിലുണ്ട്. രാഷ്ട്രീയ മിതവാദിയാണ്. നൈജീരിയയിലും മെക്‌സിക്കോയിലും വത്തിക്കാന്റെ നയതന്ത്ര പ്രതിനിധി ആയിരുന്നു. 2014-ലാണ് ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ കര്‍ദിനാള്‍ ആക്കിയത്.
കര്‍ദിനാള്‍ ഫ്രിഡലിന്‍ അംബോംഗോ ബേസുങു, 64, കംഗോ: ഒരു ആഫ്രിക്കന്‍ സാധ്യതയാണ്. എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സസ് ഓഫ് ആഫ്രിക്ക ആന്‍ഡ് മഡഗാസ്‌കര്‍ പ്രസിഡന്റായ അദ്ദേഹം വിവാദപുരുഷനാണ്. ഒരേ ലിംഗക്കാരുടെ വിവാഹം അനുവദിച്ച പാപ്പയുടെ പ്രഖ്യാപനം അദ്ദേഹം തള്ളിയിരുന്നു. 2019-ലാണ് ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ കര്‍ദിനാള്‍ ആക്കിയത്.
കര്‍ദിനാള്‍ വില്യം ജാക്കോബസ് ഐജിക്, 71, നെതര്‍ലന്‍ഡ്സ്: മുന്‍ മെഡിക്കല്‍ ഡോക്ടറായ ഐജിക് കടുത്ത യാഥാസ്ഥിതികനാണ്. ആദ്യ വിവാഹം റദ്ദാക്കാതെ രണ്ടാമത് വിവാഹം കഴിക്കാം എന്ന ഫ്രാന്‍സിസ് പാപ്പയുടെ നിലപാടിനെ അദ്ദേഹം എതിര്‍ത്തിട്ടുണ്ട്. 2012-ലാണ് അദ്ദേഹം കര്‍ദിനാള്‍ ആയത്.

കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ, 72, ഹങ്കറി: യൂറോപ്പിലെ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റായിരുന്ന എര്‍ഡോ യാഥാസ്ഥിതികനാണ്. വിവാഹമോചനം നേടിയവര്‍ക്കും പുനര്‍വിവാഹം ചെയ്തവര്‍ക്കും കുര്‍ബാന നല്‍കുന്നതിനെ അദ്ദേഹം എതിര്‍ത്തു. 2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ കര്‍ദിനാള്‍ ആക്കി.
കര്‍ദിനാള്‍ ലൂയി അന്റോണിയോ ടാഗിള്‍, 67, ഫിലിപ്പൈന്‍സ്: ‘ഏഷ്യന്‍ പോപ്പ് ഫ്രാന്‍സിസ്’ എന്നറിയപ്പെടുന്ന ടാഗിള്‍ എല്‍ജിബിടി വിഭാഗത്തോടും വിവാഹമോചിതരോടും സഹാനുഭൂതിയുള്ള നിലപാട് സ്വീകരിക്കുന്നു. 2012-ല്‍ പോപ്പ് ബെനഡിക്ട് അദ്ദേഹത്തെ ഏഴാം ഏഷ്യന്‍ കര്‍ദിനാളായി നിയമിച്ചു.
കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്, 76, യുഎസ്: കടുത്ത യാഥാസ്ഥിതികനാണ്. ഫ്രാന്‍സിസ് പാപ്പയുടെ ഇടതുപക്ഷ സമീപനങ്ങളെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. 2010-ല്‍ പോപ്പ് ബെനഡിക്ട് ആണ് കര്‍ദിനാള്‍ ആക്കിയത്.
കര്‍ദിനാള്‍ മരിയോ ഗ്രെച്, 67, മാള്‍ട്ട: സിനഡ് ഓഫ് ബിഷപ്സിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍. ലൈംഗികതയോ വിവാഹമോചനമോ മൂലം സഭ ഭ്രഷ്ട് കല്പിച്ചവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന മിതവാദിയാണ്. 2020-ല്‍ ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ കര്‍ദിനാള്‍ ആക്കിയത്.
കര്‍ദിനാള്‍ മറ്റെയോ സൂപ്പി, 69, ഇറ്റലി: ഇറ്റാലിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ്. 2023-ല്‍ യുക്രൈനിലേക്കു പാപ്പയുടെ സമാധാന ദൂതനായി പോയി. 2019-ല്‍ ഫ്രാന്‍സിസ് പാപ്പാ തന്നെ കര്‍ദിനാള്‍ ആക്കിയത്.