വാഷിങ്ടന്‍ : തനിക്കു നേരെ ഒട്ടേറെ വധഭീഷണികള്‍ ഉണ്ടെന്ന് ഡോജ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) തലവനും ലോക കോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കുമ്പോഴാണു വധഭീഷണികളെപ്പറ്റി മസ്‌ക് വെളിപ്പെടുത്തിയത്. ഡോജിന്റെ പ്രവര്‍ത്തനങ്ങളുടെ പേരിലാണു ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോജിന്റെ ചെലവു ചുരുക്കല്‍ നയങ്ങളെ പിന്താങ്ങിയ മസ്‌ക്, ഇങ്ങനെ ചെയ്തില്ലെങ്കില്‍ യുഎസ് പാപ്പരാകും എന്നും പറഞ്ഞു. ”ഒരു രാജ്യം എന്ന നിലയില്‍ യുഎസിന് 2 ട്രില്യന്‍ ഡോളറിന്റെ കമ്മി നിലനിര്‍ത്താന്‍ കഴിയില്ല. ട്രില്യന്‍ ഡോളറുകളുടെ കമ്മി ഈ സാമ്പത്തിക വര്‍ഷത്തോടെ ഇല്ലാതാക്കണമെങ്കില്‍ ഇപ്പോള്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ പ്രതിദിനം 4 ബില്യന്‍ ഡോളര്‍ ലാഭിക്കണം. നമുക്ക് അത് ചെയ്യാന്‍ കഴിയും, നമ്മള്‍ അത് ചെയ്യും.” – മസ്‌ക് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ച എന്തു ജോലിയാണ് ചെയ്തതെന്നു വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ഫെഡറല്‍ ജീവനക്കാര്‍ക്കു മസ്‌ക് ഇമെയില്‍ സന്ദേശം അയച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ രാജിവച്ചു. ഡോജിന്റെ ചെലവു ചുരുക്കലില്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നു മസ്‌ക് സമ്മതിച്ചു. എബോള പ്രതിരോധത്തിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത് അതിനുദാഹരണമാണ്. എബോള പ്രതിരോധത്തിനുള്ള സാമ്പത്തിക സഹായം ആവശ്യമാണെന്ന് മനസ്സിലായപ്പോള്‍ പുനഃരാരംഭിച്ചതായും മസ്‌ക് പറഞ്ഞു. മസ്‌കിന് ശേഷം സംസാരിച്ച ട്രംപ്, മസ്‌കിന്റെ പ്രവൃത്തിയില്‍ ആരെങ്കിലും അസന്തുഷ്ടരാണോ എന്നു ചോദിച്ചു. അസന്തുഷ്ടരാണെങ്കില്‍ അവരെ ഇവിടെനിന്ന് പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കി.