ഓട്ടവ : കാനഡക്കാരുടെ ദേശസ്നേഹത്തിൽ ഗണ്യമായ വർധനവുണ്ടായതായി പുതിയ സർവേ ഫലം. അസോസിയേഷൻ ഫോർ കനേഡിയൻ സ്റ്റഡീസിന് വേണ്ടി ലെഗർ മാർക്കറ്റിങ് നടത്തിയ വോട്ടെടുപ്പിലാണ് 86% കനേഡിയൻ പൗരന്മാരും കാനഡക്കാരൻ ആയിരിക്കുന്നതിൽ അഭിമാനിക്കുന്നതായി കണ്ടെത്തിയത്. 2024 നവംബറിൽ ഇത് 80% ആയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണി കാനഡക്കാരിലെ ദേശീയ ബോധം ഉയരാൻ കാരണമായതായും സർവേ സൂചിപ്പിക്കുന്നു.
55 വയസും അതിൽ കൂടുതലുമുള്ള കാനഡക്കാരിലാണ് ദേശസ്നേഹം ഏറ്റവും കൂടുതലെന്നും വോട്ടെടുപ്പ് വെളിപ്പെടുത്തി. 92% പേരും തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനം പ്രകടിപ്പിച്ചു. കെബെക്ക് നിവാസികളിലാണ് അഭിമാനം കൂടുതൽ. ഇവിടെയുള്ള 86% പേരാണ് ദേശസ്നേഹം പ്രകടിപ്പിച്ചത്. നവംബറിൽ ഇത് 81% ആയിരുന്നു.

അമേരിക്കക്കാരിൽ നിന്ന് വ്യത്യസ്തമായ മൂല്യങ്ങൾ കനേഡിയൻ പൗരന്മാർ പങ്കിടുന്നതായും വോട്ടെടുപ്പ് കണ്ടെത്തി. പ്രതികരിച്ചവരിൽ 78 ശതമാനവും സൗഹൃദം, ദയ, മര്യാദ, ഉൾക്കൊള്ളൽ, പൗരാവകാശങ്ങളെ ബഹുമാനിക്കൽ തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച് പരാമർശിച്ചു. ട്രംപ് ഭരണകൂടം ഉയർത്തുന്ന ഭീഷണിക്ക് മറുപടിയായി ഉയർന്നുവരുന്ന ശക്തമായ ഐക്യബോധമാണിതെന്ന് മെട്രോപോളിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും അസോസിയേഷൻ ഫോർ കനേഡിയൻ സ്റ്റഡീസിന്റെയും പ്രസിഡന്റും സിഇഒയുമായ ജാക്ക് ജെഡ്വാബ് നിരീക്ഷിച്ചു.
മാർച്ച് 1 മുതൽ മാർച്ച് 2 വരെ ആയിരത്തി അഞ്ഞൂറിലധികം കാനഡക്കാരിലാണ് സർവേ നടത്തിയത്.