വാഷിങ്ടണ്‍: യുക്രെയ്‌നുമായുള്ള 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ റഷ്യ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് സമര്‍പ്പിക്കാന്‍ പ്രതിനിധികളെ അയച്ചതായും ട്രംപ് അറിയിച്ചു.
”പ്രതികൂലമായ സാമ്പത്തിക ആഘാതം ഉണ്ടാക്കാന്‍ കഴിയുന്ന നടപടികളുണ്ട്. അതു റഷ്യക്ക് വിനാശകരമാകും. എന്നിരുന്നാലും എനിക്ക് ആ ഫലം വേണ്ട. കാരണം എന്റെ ലക്ഷ്യം സമാധാനം കൈവരിക്കുക എന്നതാണ്.” – ട്രംപ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ റഷ്യ അംഗീകരിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു.

അതെസമയം വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പദ്ധതിയെക്കുറിച്ച് യുഎസില്‍നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും റഷ്യ അറിയിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചുള്ള ചോദ്യത്തിനു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് കൃത്യമായ മറുപടി നല്‍കിയില്ല. വിഷയം യുഎസുമായി ചര്‍ച്ച ചെയ്യണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.