കൊളംബോ: ശ്രീലങ്കയിലെ മരുന്നു ക്ഷാമം പരിഹരിക്കുന്നതിനായി അത്യാവശ്യ വിഭാഗത്തിൽ വരുന്ന മരുന്നുകൾ സംഭാവനയായി നൽകിയതായി ഇന്ത്യൻ ഹൈകമ്മീഷണർ അറിയിച്ചു. ശ്രീലങ്കയുടെ ആവശ്യം പരിഗണിച്ച് ഫ്യൂറോസിമൈഡ് ഇൻജക്ഷൻ 20mg/2ml ന്റെ 50,000 ആംപ്യൂളുകളാണ് ഇന്ത്യ കയറ്റി അയച്ചത്. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമ്മീഷണർ സന്തോഷ് ജാ ആരോഗ്യ- മാസ് മീഡിയ മന്ത്രി നളിന്ദ ജയതിസ്സയക്ക് മരുന്നുകൾ കൈമാറി.

ആരോഗ്യ മേഖലയിലുൾപ്പെടെ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഏറ്റവുമാദ്യം നടപടിയെടുക്കുന്ന ശ്രീലങ്കയുടെ വിശ്വസ്തനാണ് ഇന്ത്യയെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ പറഞ്ഞു. കോവിഡ് മഹാമാരി കാലത്ത് 2020 ൽ ഇന്ത്യ 25 ടണ്ണിലധികം മരുന്നുകൾ പ്രത്യേക വിമാനത്തിൽ ശ്രീലങ്കയിലെത്തിച്ചിരുന്നു. 2021 ൽ 5,00,000 കോവിഷീൽഡ് വാക്സിനുകളും 2022ൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകളും സംഭാവനയായി നൽകിയിരുന്നു.
2022 ഫെബ്രുവരിയിൽ ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധികാലത്ത് മരുന്നുൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി 100 കോടി യു എസ് ഡോളർ നൽകി. പിന്നീട് ശ്രീലങ്കയുടെ അഭ്യർത്ഥന പ്രകാരം 2024 മാർച്ച് വരെ ധനസഹായം നീട്ടി നൽകുകയും ചെയ്തു.

26 ടൺ മരുന്നുകളും മറ്റ് മെഡിക്കൽ അനുബന്ധ ഉപകരണങ്ങളുമാണ് പെരാഡനിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ജാഫ്ന റ്റീച്ചിങ് ഹോസ്പിറ്റൽ, ഹമ്പൻതോട്ട ജനറൽ ഹോസ്പിറ്റൽ എന്നിവയ്ക്ക് 2022 ൽ കയറ്റി അയച്ചതെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ പുറത്തുവിട്ട റിലീസിൽ പറഞ്ഞു.