വൻകൂവർ : പ്രൊവിൻഷ്യൽ പ്രോഗ്രാമുകൾ വഴി ടെസ്‌ല ഉൽപ്പന്നങ്ങൾക്ക് നൽകി വന്ന റിബേറ്റുകൾ നിർത്തലാക്കി ബ്രിട്ടിഷ് കൊളംബിയ സർക്കാർ. വ്യാപാര യുദ്ധങ്ങൾക്കിടയിൽ, കനേഡിയൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുഎസ് ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതിനുമായാണ് ഇലോൺ മസ്‌കിന്റെ കമ്പനിയെ ലക്ഷ്യം വച്ചുള്ള ഈ തീരുമാനം. കാനഡയെയും, സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കുറിച്ച് മസ്‌ക് മോശം പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് നീക്കം. നികുതിദായകരുടെ പണം, ടെസ്‌ല ഉൽപ്പന്നങ്ങൾക്ക് ധനസഹായം നൽകാൻ ഉപയോഗിക്കരുതെന്ന് പ്രവിശ്യാ ഊർജ്ജ മന്ത്രി അഡ്രിയാൻ ഡിക്സ് തീരുമാനത്തെ പിന്തുണച്ച് പറഞ്ഞു.
അതേസമയം, ഉയർന്ന വില കാരണം ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രവിശ്യാ റിബേറ്റുകൾക്ക് അർഹതയില്ല. എന്നാൽ, ചാർജറുകൾ, എനർജി സ്റ്റോറേജ് ബാറ്ററികൾ, ഇൻവെർട്ടറുകൾ തുടങ്ങിയ മറ്റ് ടെസ്‌ല ഉൽപ്പന്നങ്ങൾ പ്രവിശ്യയുടെ ക്ലീൻ എനർജി സംരംഭങ്ങളുടെ ഭാഗമായി സബ്‌സിഡിക്ക് അർഹമായിരുന്നു.

മാർച്ച് 12 ന് മുമ്പ് റിബേറ്റിന് അംഗീകാരം ലഭിച്ചവർക്ക് അത് ക്ലെയിം ചെയ്യാൻ കഴിയും. എന്നാൽ, അല്ലാത്ത ടെസ്‌ല ഉൽപ്പന്നങ്ങൾക്ക് ഇനി ഈ റിബേറ്റുകൾക്ക് അർഹതയുണ്ടായിരിക്കില്ല.