കീവ്: ഉപാധികളോടെ വെടി നിര്‍ത്തലിന് തയാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രതികരണത്തെ യുക്രൈയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍
സെലെന്‍സ്‌കി വിമര്‍ശിച്ചു.പുടിന് യുദ്ധം അവസാനിപ്പിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ ആണ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് വ്യവസ്ഥകള്‍ വെച്ചിരിക്കുന്നതെന്ന് സെലന്‍സ്‌കി വിമര്‍ശിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ നിരസിക്കാനാണ് പുടിന്‍ തയ്യാറെടുക്കുന്നത് എന്നാല്‍ അത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് നേരിട്ട് പറയാന്‍ ഭയപ്പെടുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു.
‘പുടിന്‍ കരാര്‍ തിരസ്‌കരിക്കാനാണ് തയ്യാറെടുക്കുന്നത്, കാരണം ഈ യുദ്ധം തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഉക്രേനിയക്കാരെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപിനോട് പറയാന്‍ പുടിന് തീര്‍ച്ചയായും ഭയമാണ്,’ സെലന്‍സ്‌കി പറഞ്ഞു. റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
അതേസമയം യുക്രൈയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വാക്കുകള്‍ ‘പ്രത്യാശ’ നല്‍കുന്നതാണെന്നും എന്നാല്‍ പൂര്‍ണമല്ലെന്നുമാണ് ഡോണള്‍ഡ് ട്രംപിന്റെ മറുപടി. ”വളരെ പ്രത്യാശയേകുന്ന പ്രസ്താവനയാണു പുടിന്റേത്. പക്ഷേ, പൂര്‍ണമല്ല. എനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്. യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കണം” എന്നും ട്രംപ് പറഞ്ഞു.

അമേരിക്ക മുന്നോട്ട് വച്ച ഉപാധിരഹിത വെടിനിര്‍ത്തല്‍ റഷ്യ തള്ളിയിരുന്നു. അത് യുക്രൈനിന് അനുകൂലമായ നിലപാടാണെന്നാണ് റഷ്യ മുന്‍പ് പ്രതികരിച്ചത്. എന്നാല്‍ ഉപാധികളോടെ വെടി നിര്‍ത്തലിന് തയ്യാറാണെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതിലൂടെ അടിസ്ഥാന പ്രശ്നങ്ങള്‍ പ്രഹരിക്കപ്പെടണമെന്നും വെടി നിര്‍ത്തല്‍ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയും വേണമെന്ന നിലപാടിലാണ് പുടിന്‍.
സൗദിയില്‍ നടത്തിയ ചര്‍ച്ചയില്‍ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതി തത്വത്തില്‍ അംഗീകരിക്കുന്നുവെന്നു പുടിന്‍ പറഞ്ഞിരുന്നു. യുഎസ് ശുപാര്‍ശകള്‍ അംഗീകരിക്കുന്നുവെന്നു യുക്രൈയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും വ്യക്തമാക്കി. ഇതോടെയാണു യുക്രൈയ്നില്‍ സമാധാനത്തിനു സാധ്യത തെളിഞ്ഞത്.