ദോഹ: അറബ് രാജ്യങ്ങൾ തയ്യാറാക്കിയ ഗസ്സ പുനർനിർമാണ പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് മുമ്പാകെ അവതരിപ്പിച്ചു. ദോഹയിൽ ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ പ്രതിനിധികളാണ് ഗസ്സ പുനർനിർമാണ പദ്ധതി വിശദീകരിച്ചത്.

ഈ മാസം നാലിന് ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന ഉച്ചകോടിയിലാണ് പലസ്തീനികളെ സ്വന്തം മണ്ണിൽ തന്നെ നിലനിർത്തിക്കൊണ്ടുള്ള പുനർനിർമാണ പദ്ധതി അറബ് രാജ്യങ്ങൾ തയ്യാറാക്കിയത്. പദ്ധതി സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്താൻ യു.എസ് പ്രതിനിധിയും അറബ് രാഷ്ട്ര വിദേശകാര്യമന്ത്രിമാരുടെ സംഘവും ധാരണയിലെത്തി. ഖത്തർ പ്രധാനമന്ത്രിക്കു പുറമെ, ജോർദാൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ വിദേശകാര്യമന്ത്രിമാരും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ അൽ ശൈഖും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.