കൊച്ചി: കഞ്ചാവ് കേസില്‍ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ എറണാകുളം കളമശേരി പോളിടെക്നിലെ വിദ്യാര്‍ഥി ആര്‍. അഭിരാജ്. കഞ്ചാവ് ആരോ പുറത്തുനിന്ന് കൊണ്ടുവച്ചതാണെന്നും എസ്എഫ്ഐ പ്രവര്‍ത്തകനും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും കഞ്ചാവ് മാഫിയയുമായി തനിക്ക് ബന്ധമില്ലെന്നും അഭിരാജ് പറഞ്ഞു.

ഇന്നലെ രാത്രി 11.20 നാണ് കളമശ്ശേരി പോളി ടെക്നിക് കോളജിന്റെ ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുന്നത്. സംഭവത്തില്‍ ആര്‍. അഭിരാജിന് പുറമെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആദിത്യന്‍ , മൂന്നാം വര്‍ഷ കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആകേഷ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവിന് പുറമെ മദ്യവും പൊലീസ് നടത്തിയ റെയ്ഡില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
രാത്രി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നായിരുന്നു വിവരം.ഇതിനായി വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് പണവും പിരിച്ചിരുന്നു.തുടര്‍ന്നാണ് കളമശ്ശേരി പൊലീസടക്കമാണ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്. കഞ്ചാവ് തൂക്കി നല്‍കാനുള്ള ത്രാസടക്കം പിടികൂടിയിട്ടുണ്ട്. കഞ്ചാവ് സൂക്ഷിച്ചിരുന്ന മുറിയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പൊലീസിനെ കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.