കെയ്‌റോ: ഇസ്രയേല്‍ ഗാസയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗാസയില്‍ ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിയിട്ട് 12 ദിവസം പിന്നിട്ടതായി റിപ്പോര്‍ട്ട്. യുദ്ധത്തില്‍ പൂര്‍ണമായി തകര്‍ന്ന ഫലസ്തീനിലേക്കുള്ള എല്ലാ സഹായങ്ങളും ഒരാഴ്ചയായി ഇസ്രയേല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുരോഗമിക്കവെയാണ് ഇസ്രായേല്‍ ഗാസക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതും ട്രക്കുകള്‍ തടയാന്‍ ആരംഭിച്ചതും.
ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ വഴങ്ങിയിട്ടില്ല. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ, ഇന്ധനത്തിന്റെ വിതരണവും തടഞ്ഞിരിക്കുകയാണ്. ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ വൈദ്യുതി മന്ത്രി അറിയിച്ചിരുന്നു. വൈദ്യുതി വിതരണം എത്രയും പെട്ടന്ന് നിര്‍ത്തി വെക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി മന്ത്രി എലി കോഹന്‍ പറഞ്ഞു.

യുദ്ധകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയതെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ (യുഎന്‍എച്ച്ആര്‍സി) റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചു. ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ ഗാസയെ ഉപരോധിച്ചത്. രണ്ടാം വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായേല്‍ മുന്നോട്ടുവെച്ച പല ഉപാധികളും ഹമാസ് അംഗീകരിച്ചിരുന്നില്ല.